KeralaTop News

വർക്കലയിൽ പൊലീസ് 14 കാരൻറെ കൈ പിടിച്ചൊടിച്ചതായി പരാതി

Spread the love

തിരുവനന്തപുരം വർക്കലയിൽ വസ്തു തർക്കത്തിൽ ഇടപ്പെട്ട അയിരൂർ പൊലീസ് 14 കാരന്റെ കൈ പിടിച്ച് ഒടിച്ചെന്ന് പരാതി. അയിരൂർ സബ് ഇൻസ്പെക്ടർ രജിത്തിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇലകമൺ സ്വദേശി രാജേഷിന്റെ മകൻ കാശിനാഥനെയാണ് പൊലീസ് ഉപദ്രവിച്ചത്. പാളയം കുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം വിദ്യാർത്ഥിയായ കാശിനാഥന്റെ കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്.

കൈ പിടിച്ചു തിരിച്ചുവെന്നും വണ്ടി കയറ്റി ഇറക്കുമെന്നും ജീവിതകാലം മുഴുവൻ കോടതിയിൽ കയറ്റിയിറക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയതായി കാശിനാഥൻ പറഞ്ഞു. അച്ഛൻ രാജേഷും സമീപവാസിയായ വിജയമ്മയുടെ കുടുബവുമായി വർഷങ്ങളായി വഴിതർക്കം നിലനിന്നിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ ഭാര്യ മാതാവായ വിജയമ്മയ്ക്ക് വേണ്ടി പൊലീസ് വഴിവിട്ട നീക്കം നടത്തുന്നതിനിടെയാണ് മകൻറെ കൈയ്ക്ക് പൊട്ടലേറ്റതെന്നാണ് രാജേഷിന്റെ പരാതി.

അതേസമയം, രാജേഷിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവേ പ്രതിഷേധിച്ച ബന്ധുക്കളെ പിന്തിരിപ്പിക്കാൻ മാത്രമാണ് ശ്രമിച്ചതെന്ന് അയിരൂർ പൊലീസിന്റെ വിശദീകരണം. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിൽ ഇവർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും അയിരൂർ എസ്എച്ച്ഒയുടെ വിശദീകരണത്തിൽ വ്യക്തമാക്കുന്നു.