മതപരിവർത്തനം നടത്തിയെന്ന ആരോപണം; തടവിലായ ആദ്യ ക്രിസ്ത്യൻ ദമ്പതികൾക്ക് ജാമ്യം
ഉത്തർപ്രദേശിലെ ദളിത് വിഭാഗക്കാരെ ക്രിസ്ത്യാനികളാക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ക്രിസ്ത്യൻ ദമ്പതികൾക്ക് ജാമ്യം അനുവദിച്ചു. അലഹബാദ് ഹൈക്കോടതിയാണ് പത്തനംതിട്ട സ്വദേശികളായ പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യ ഷീജ പാപ്പച്ചനും ജാമ്യം അനുവദിച്ചത്.
മതപരിവർത്തനം ആരോപിച്ച് ബിജെപി നേതാവ് 2023ൽ നൽകിയ പരാതിയിലാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത്. അഞ്ചുവർഷം തടവും 25,000 രൂപവീതം പിഴയുമായിരുന്നു ശിക്ഷ. ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് ശിക്ഷിച്ചത്. ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിലെ പ്രത്യേക കോടതിയുടേതായിരുന്നു ഉത്തരവ്.
പിന്നീട് 8 മാസത്തിന് ശേഷം അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഷമീം അഹമ്മദ് കീഴ്‌ക്കോടതിയുടെ ഉത്തരവ് റദ്ദാക്കി പാപ്പച്ചനും ഷീജയ്ക്കും ജാമ്യം അനുവദിച്ചിരുന്നു. ബൈബിൾ വിതരണം ചെയ്യുക, കുട്ടികളെ വിദ്യാഭ്യാസം നേടാൻ പ്രോത്സാഹിപ്പിക്കുക, ഗ്രാമവാസികളുടെ സമ്മേളനം സംഘടിപ്പിക്കുക, കലഹങ്ങളിൽ ഏർപ്പെടരുതെന്നും മദ്യം കഴിക്കരുതെന്നും ഗ്രാമീണരോട് നിർദേശിക്കുന്നത് മതപരിവർത്തനത്തിന് തുല്യമല്ലെന്ന് ജസ്റ്റിസ് അഹമ്മദ് ചൂണ്ടിക്കാട്ടിയിരുന്നു.
ജോസ് പാപ്പച്ചന്റെയും ഭാര്യ ഷീജാ പാപ്പച്ചന്റെയും കേസുകൾ രണ്ടായിട്ടാണ് കോടതി വാദം കേട്ടത്. ഡിവിഷൻ ബഞ്ചിന്റെ വിധിക്കെതിരെയാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഇരുവർക്കും ജാമ്യം അനുവദിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷവും ആശ്വാസവും ഉണ്ട്, നിയമത്തിൽ അത്തരം വ്യവസ്ഥകളില്ലാത്തപ്പോൾ ആളുകളെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചതിന് ക്രിസ്ത്യൻ ദമ്പതികൾ ശിക്ഷിക്കപ്പെട്ട അപൂർവ്വങ്ങളിൽ അപൂർവ്വമാണ് ഇവരുടേതെന്ന് ദമ്പതികളുടെ സഹായി മാത്യു പറഞ്ഞു.
അതേസമയം, മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്നാരോപിച്ച് പാസ്റ്റർമാരടക്കം 100 ക്രിസ്ത്യാനികൾ ഉത്തർപ്രദേശിൽ ഇപ്പോഴും ജയിലിലാണ്. ഉത്തർപ്രദേശ് ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ്, 200 ദശലക്ഷം ആളുകൾ, അവരിൽ 80 ശതമാനം ഹിന്ദുക്കളാണ്. ക്രിസ്ത്യാനികൾ ജനസംഖ്യയുടെ 0.18 ശതമാനം മാത്രമാണ്, മുസ്ലീങ്ങൾ 19 ശതമാനമാണ്.