KeralaTop News

സിഎസ്ആര്‍ തട്ടിപ്പ്; നേരിട്ട് നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ നജീബ് കാന്തപുരമെന്ന് ഡോ പി സരിന്‍

Spread the love

സിഎസ്ആര്‍ തട്ടിപ്പില്‍ പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിനെതിരെ ആരോപണവുമായി സിപിഐഎം. സിഎസ്ആര്‍ തട്ടിപ്പിന് നേരിട്ട് നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ നജീബ് കാന്തപുരമെന്ന് ഡോ പി സരിന്‍ പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ ചര്‍ച്ചയായിരിക്കുന്ന 1000 കോടി രൂപയുടെ തട്ടിപ്പിന് കൂട്ട് നിന്നത് ബിജെപി – കോണ്‍ഗ്രസ് ബന്ധമുള്ളവര്‍ ആണെങ്കില്‍, അതിന് നേരിട്ട് നേതൃത്വം കൊടുത്ത ഒരാള്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ എംഎല്‍എ മുസ്ലിം ലീഗിന്റെ നജീബ് കാന്തപുരം ആണ് എന്നു വേണം മനസ്സിലാക്കാനെന്ന് സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നജീബ് കാന്തപുരം എംഎല്‍എ പെരിന്തല്‍മണ്ണയില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം എപ്പോഴും ഉപയോഗിക്കുന്ന ഒരു ഫൗണ്ടേഷന്റെ പേരുണ്ട്. മുദ്ര ചാരിറ്റബിള്‍ ഫൗണ്ടഷേന്‍. മുദ്രയുടെ വെബ്‌സൈറ്റ് ഞാന്‍ കഴിഞ്ഞ രണ്ട് ദിവസമായി നിരീക്ഷിക്കുകയാണ്. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ എന്ന സംഘടനയുമായി ബന്ധപ്പെട്ട് നേരിട്ട് പെരിന്തല്‍മണ്ണയില്‍ നേതൃത്വം നല്‍കിയ എംഎല്‍എയുടെ നേതൃത്വത്തിലുള്ള മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എന്നത് ആരാണ് എന്നത് പൊതു ജനത്തിന് മുന്നില്‍ ഇതുവരെയും വെളിവാക്കാന്‍ എംഎല്‍എ തയാറായിട്ടില്ല. ഈ മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ നേരിട്ടാണ് ഗുണഭോക്താക്കളെ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത് – പി സരിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, പാതിവില തട്ടിപ്പ് കേസില്‍ അനന്തുകൃഷ്ണനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ കോടതിയുടേതാണ് നടപടി. തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതിനിടെ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ വെബ്‌സൈറ്റ് അപ്രത്യക്ഷമായി. വരും ദിവസങ്ങളില്‍ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.