Wednesday, February 5, 2025
Latest:
KeralaTop News

‘ബ്രഹ്മപുരത്തെ മനോഹരമാക്കുമെന്ന സര്‍ക്കാരിന്റെ വാക്ക് യാഥാര്‍ത്ഥ്യമാവുകയാണ്’; ബയോ മൈനിംഗ് 75 ശതമാനം പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി

Spread the love

ബ്രഹ്മപുരത്തെ മനോഹരവും സചേതനവുമായ ഇടമാക്കി മാറ്റിത്തീര്‍ക്കുമെന്ന സര്‍ക്കാരിന്റെ വാക്ക് യാഥാര്‍ത്ഥ്യമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാലിന്യം നിറഞ്ഞ പ്രദേശങ്ങളിലെ ബയോ മൈനിംഗ് 75 ശതമാനം പൂര്‍ത്തിയാക്കിയെന്നും 18 ഏക്കറോളം ഭൂമി വീണ്ടെടുക്കാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഇങ്ങനെ വീണ്ടെടുത്ത സ്ഥലങ്ങളില്‍ ചെടികളും മരങ്ങളും വെച്ച് പിടിപ്പിക്കുകയാണെന്നും മാസങ്ങള്‍ക്കുള്ളില്‍ ബയോമൈനിംഗ് പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രദേശത്തിന്റെ സമഗ്ര വികസനത്തിനായി 706.55 കോടിയുടെ വിപുലമായ ഒരു മാസ്റ്റര്‍പ്ലാന്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഈ പ്ലാന്‍ നടപ്പിലാവുന്നതോടെ സുന്ദരവും ഉന്മേഷദായകവുമായ ഇടമായി ബ്രഹ്മപുരത്തെ മാറ്റിത്തീര്‍ക്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടുകയാണ്. ബ്രഹ്മപുരം നാടിന്റെയാകെ ആകര്‍ഷണ കേന്ദ്രമായി മാറും – മുഖ്യമന്ത്രി വിശദമാക്കി.

നേരത്തെ, മാലിന്യങ്ങള്‍ നീക്കം ചെയ്ത ബ്രഹ്മപുരത്ത് മന്ത്രി എംബി രാജേഷും കൊച്ചി മേയര്‍ അനില്‍ കുമാറും ശ്രീനിജന്‍ എംഎല്‍എയും ക്രിക്കറ്റ് കളിച്ചത് ചര്‍ച്ചയായിരുന്നു. ബ്രഹ്മപുരത്ത് വേണമെങ്കില്‍ ഇപ്പോള്‍ ക്രിക്കറ്റ് കളിക്കാമെന്ന തലക്കെട്ടോടെയാണ് ബ്രഹ്മപുരം അന്നും ഇന്നും എന്ന ഫോട്ടോ എം ബി രാജേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

പതിറ്റാണ്ടുകളായി ബ്രഹ്മപുരത്ത് നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്റെ 75 ശതമാനവും നിലവില്‍ നീക്കം ചെയ്തിട്ടുണ്ടെന്നും 18 ഏക്കര്‍ ഭൂമി ഇങ്ങനെ വീണ്ടെടുത്തുവെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിയുടെ പോസ്റ്റിന് താഴെയായി മേയര്‍ അനില്‍കുമാര്‍ കമന്റുമായി എത്തി. ‘അതേ നമ്മള്‍ ആത്മാത്ഥമായി ജോലി തുടരും. ജനങ്ങള്‍ക്ക് വേണ്ടി നന്ദി’ എന്നായിരുന്നു മേയര്‍ മന്ത്രിയുടെ പോസ്റ്റിന് താഴെ കുറിച്ചത്.