കരിങ്കൊടി പ്രതിഷേധം മുൻകൂട്ടി പ്രഖ്യാപിച്ചത്; ഐ സി ബാലകൃഷ്ണനെ തടഞ്ഞിട്ടില്ല, DYFI
വയനാട് ഐ സി ബാലകൃഷ്ണൻ എംഎൽഎയെ തടഞ്ഞിട്ടില്ലെന്ന് ഡിവൈഎഫ്ഐ . കരിങ്കൊടി പ്രതിഷേധം മുൻകൂട്ടി പ്രഖ്യാപിച്ചതാണ് എംഎൽഎയുടെ വഴി തടസ്സപ്പെടുത്തിയിട്ടില്ലെന്നും എംഎൽഎയുടെ വാഹനത്തിൽ നിന്ന് ഇറങ്ങി വന്നവരാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചത്, അതിൽ രണ്ട് പ്രവർത്തകർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. എംഎൽഎയുടെ പ്രതികരണം സ്വന്തം മുഖം രക്ഷിക്കാൻ വേണ്ടിയാണെന്നും ഡിവൈഎഫ്ഐ ബത്തേരി ബ്ലോക്ക് സെക്രട്ടറി കെ വിനേഷ് വ്യക്തമാക്കി.
വയനാട് ചുള്ളിയോട് വെച്ചാണ് ഐസി ബാലകൃഷ്ണനെതിരെ കരിങ്കൊടിപ്രതിഷേധം ഉണ്ടായത്. ഫിഷറീസ് വകുപ്പിന് കീഴിലുള്ള മത്സ്യ വിളവെടുപ്പ് പരിപാടിയുടെ ഉദ്ഘാടനത്തിനാണ് എംഎൽഎ ഐസി ബാലകൃഷ്ണൻ ചുള്ളിയോട് എത്തിയത്. ഇതിനിടയിൽ ഡിവൈഎഫ്ഐ സിപിഐഎം പ്രവർത്തകർ കരിങ്കൊടിയുമായി എത്തുകയായിരുന്നു. ഇത് സംഘർഷത്തിലേക്ക് വഴിമാറി. തടയാൻ ശ്രമിച്ചതോടെ എംഎൽഎയുടെ ഗൺമാനെ മർദ്ദിച്ചു എന്നാണ് ആരോപണം. ഗൺമാൻ സുദേശനെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.തന്നെ ബോധപൂർവ്വം ആക്രമിക്കാൻ ആയിരുന്നു ശ്രമം എന്ന് ഐ സി ബാലകൃഷ്ണൻ പ്രതികരിച്ചിരുന്നു. സംഘർഷത്തിനിടയിലും പൊതു പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് എംഎൽഎ മടങ്ങിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.