KeralaTop News

‘ഷാരോണ്‍ ഗ്രീഷ്മയെയാണ് വിഷം കൊടുത്ത് കൊന്നതെങ്കില്‍ ന്യായീകരിക്കുമോ?’; കെ ആര്‍ മീരയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

Spread the love

കെ ആര്‍ മീരയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷാരോണ്‍ രാജ് വധക്കേസ് മുന്‍നിര്‍ത്തി പറഞ്ഞ പ്രസ്താവനയിലാണ് നടപടി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്കാണ് പരാതി നല്‍കിയത്. കൊലപാതകത്തെ ന്യായീകരിക്കുന്ന നിലപാടിനെതിരെയാണ് പരാതിയെന്ന് രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

വളരെ ചിരിച്ചുകൊണ്ട് പുച്ഛത്തോടെ പറയുകയാണ് ചിലപ്പോള്‍ കഷായം കലക്കി കൊടുക്കേണ്ടി വരും എന്ന്. ഷാരോണ്‍ എന്നു പറയുന്ന പുരുഷന്‍ സമപ്രായക്കാരിയായ ഗ്രീഷ്മയെയാണ് വിഷം കൊടുത്ത് കൊന്നതെങ്കില്‍ ന്യായീകരിക്കുമോ? നമ്മുടെ നാട്ടിലെ പ്രമുഖമായൊരു ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലിരുന്ന് ഒരാള്‍ ഒരാള്‍ക്ക് വിഷം കൊടുത്ത് കൊന്നതിനെ കുറിച്ച് പറയുകയാണ്. അഞ്ചോ ആറോ തവണ മനപ്പൂര്‍വം ഷാരോണിനെ ഗ്രീഷ്മ വിളിച്ചു വരുത്തി ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ താത്പര്യത്തോടെ സംസാരിച്ചു. എന്നിട്ട് വിഷം കൊടുത്ത് കൊന്നുവെന്ന് കോടതി വിധിയില്‍ വ്യക്തമായി പറയുന്നുണ്ട്. അങ്ങനെ കൊല്ലപ്പെട്ട ഒരുത്തനെ അപമാനിക്കുകയും അവന്റെ കുറ്റമാണ് അവന്‍ മരിച്ചത് എന്ന് പറയുകയും ചെയ്യുന്നത് കൊലപാതകത്തെ ന്യായീകരിക്കലല്ലേ? വിദ്വേഷ പ്രസംഗമല്ലെ – രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

അതേസമയം സംസ്ഥാന പുരുഷ കമ്മീഷന്‍ ബില്‍ പൂര്‍ത്തിയായെന്ന് അദ്ദേഹം പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ബില്‍ സ്പീക്കര്‍ക്ക് സമര്‍പ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ അനുമതി വരും ദിവസങ്ങളില്‍ ലഭിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഷാരോണ്‍ ഒരു യുവാവല്ലേ. അയാളെ അങ്ങനെ കൊന്നത് ന്യായീകരിക്കുന്നത് ശരിയല്ല എന്ന് യുവജന കമ്മീഷന്റെ ആരെങ്കിലും പറയുന്നത് നിങ്ങള്‍ കേട്ടോ? വനിത കമ്മീഷന്റെ ആരെങ്കിലും ഒരാള്‍ ഇങ്ങനെ പറയുന്നത് കേട്ടോ? നേരെ തിരിച്ച് യുവജന കമ്മീഷന്‍ എനിക്കെതിരെ കേസെടുക്കണമെന്ന് പറഞ്ഞു. വനിതാ കമ്മീഷനും പറഞ്ഞു. എന്തിനാ, വളരെ ബഹുമാനപരസരം കുമാരി ഹണി റോസിനെ ചാനലില്‍ ഇരുന്ന് വിമര്‍ശിച്ചതിന്. ഹണി റോസിനെ ടിവിയില്‍ ഇരുന്ന് വിമര്‍ശിക്കാന്‍ പാടില്ല. പക്ഷേ കൊലപാതകത്തെ ന്യായീകരിക്കാന്‍ മീര മാഡത്തിന് കഴിയും എന്നത് കൊണ്ടാണ് ഈ നാട്ടില്‍ ഒരു പുരുഷ കമ്മീഷന്റെ ആവശ്യം – രാഹുല്‍ ഈശ്വര്‍ വിശദമാക്കി.

ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടിവന്നാല്‍ പോലും… സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങിപോകാനുള്ള സ്വാതന്ത്രം ഇല്ലാതെയായാല്‍ ചിലപ്പോള്‍ അവള്‍ കുറ്റവാളിയായി തീരും… ഈ കുറ്റകൃത്യത്തിലേക്ക് അവളെ നയിക്കാതിരിക്കുക എന്നുള്ളത് ഇപ്പറഞ്ഞ എല്ലാം തികഞ്ഞ കാമുകന്റെ കടമയും കര്‍ത്തവ്യവുമാണ്. അത് ചെയ്യാതിരിക്കുമ്പോഴാണ് പ്രശ്നം – എന്നായിരുന്നു കെ ആര്‍ മീര വേദിയില്‍ പറഞ്ഞത്.