KeralaTop News

ധാർമികത പറഞ്ഞ് MLA സ്ഥാനം തിരിച്ചെടുക്കാൻ പറ്റുമോ?, കോടതി പറയട്ടെ അപ്പോ നോക്കാം’; എം മുകേഷിനെ വീണ്ടും പിന്തുച്ച് എം വി ഗോവിന്ദൻ

Spread the love

ബലാത്സംഗക്കേസില്‍ എം മുകേഷ് എംഎൽഎയെ വീണ്ടും പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഓരോ ഘട്ടത്തിലും അത് വേണോ ഇത് വേണോ എന്ന് ചോദിക്കരുത്. കോടതിയിലാണ് ആ പ്രശ്നം ഉള്ളത്. പാർട്ടി ഇപ്പോൾ സ്വീകരിച്ച നിലപാടിൽ തന്നെയാണ് ഉറച്ചുനിൽക്കുന്നത്. ധാർമികത നോക്കി എംഎൽഎ സ്ഥാനം രാജി വെച്ചാൽ ധാർമികത പറഞ്ഞ് എംഎൽഎ സ്ഥാനം തിരിച്ചെടുക്കാൻ പറ്റുമോയെന്ന് എം വി ഗോവിന്ദൻ ചോദിച്ചു.

കേസുമായി ബന്ധപ്പെട്ട കോടതി വിധി വരുമ്പോൾ എംഎൽഎ സ്ഥാനം തിരിച്ചുകൊടുക്കുമോയെന്നും മുകേഷിന്റെ കാര്യത്തിൽ കോടതി തീരുമാനം പറയട്ടെ അപ്പോ നോക്കാമെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. സിപിഐഎം ഇടുക്കി ജില്ലാ സമ്മേളന ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതാദ്യമായിട്ടല്ല എംഎൽഎയെ പിന്തുണച്ചുകൊണ്ട് പാർട്ടി സെക്രട്ടറി എത്തുന്നത്. മുകേഷ് എംഎൽഎ ആയി തുടരുമെന്നും കോടതി തീരുമാനം വരട്ടെയെന്നും, ആരെങ്കിലും പ്രഖ്യാപിച്ചത് കൊണ്ട് കാര്യമില്ല, കോടതിയല്ലേ ഇക്കാര്യം കൈകാര്യം ചെയ്യേണ്ടത്. കോടതി ഒരു നിലപാട് സ്വീകരിക്കട്ടെ, അപ്പോള്‍ ആലോചിക്കാം, അതാണ് പാര്‍ട്ടിയുടെ നിലപാട് എന്നായിരുന്നു മുകേഷിനെതിരായ ബലാത്സംഗക്കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചതിന് ശേഷം അദ്ദേഹം പ്രതികരിച്ചത്.

എന്നാൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പി കെ ശ്രീമതിയും സതീദേവിയും ഉൾപ്പടെയുള്ളവർ വിഷയത്തിൽ പ്രതികരണം നടത്തിയിരുന്നു. ധാര്‍മികമായി രാജിവെക്കണോ എന്നത് മുകേഷിന് തീരുമാനിക്കാമെന്നും നിയമപരമായി രാജി വെയ്‌ക്കേണ്ടതില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്തുവരട്ടെയെന്നും നിയമനടപടികൾ തുടരട്ടെ അതിൽ വേവലാതികൾ ഒന്നും വേണ്ടെന്നുമായിരുന്നു പി കെ ശ്രീമതിയുടെ പ്രതികരണം.

അതേസമയം, പീഡന പരാതിയിൽ നടൻ മുകേഷിനെതിരെ സമർപ്പിച്ച കുറ്റപത്രം മടക്കി കോടതി. കുറ്റപത്രത്തിലെ സാങ്കേതിക തെറ്റുകൾ ചൂണ്ടിക്കാട്ടിയാണ് കോടതി അന്വേഷണ സംഘത്തിന് കുറ്റപത്രം തിരികെ നൽകിയത്. ആലുവ സ്വദേശിയായ നടിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് മുകേഷിനെതിരായ കുറ്റപത്രം കഴിഞ്ഞ ദിവസം കണയന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.

മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ട് എന്നായിരുന്നു പൊലീസ് കുറ്റപത്രത്തിൽ അവകാശപ്പെട്ടത്.കേസുമായി ബന്ധപ്പെട്ട തീയതികളിൽ വന്ന വ്യത്യാസമാണ് കുറ്റപത്രം നടക്കാനുള്ള കാരണം. ഇത് പരിഹരിച്ച് ഇന്നോ നാളെയോ കുറ്റപത്രം വീണ്ടും കോടതിയിൽ സമർപ്പിക്കുമെന്നും അന്വേഷണസംഘം പ്രതികരിച്ചു. ശക്തമായ തെളിവുകളാണ് എംഎൽഎയ്ക്ക് എതിരെ ശേഖരിച്ചിട്ടുള്ളതെന്നും അതിൻറെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയതെന്നും അന്വേഷണസംഘം കൂട്ടിച്ചേർത്തു.