‘മഹാകുംഭമേളയ്ക്കിടെ തിരക്കില്‍ പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ നദിയില്‍ എറിഞ്ഞു, ജലം മലിനമായി’: ആരോപണവുമായി ജയ ബച്ചന്‍
ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് ജയ ബച്ചന്‍. മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിഞ്ഞെന്നും അതിനാല്‍ ജലം മലിനമായെന്നുമായിരുന്നു ജയയുടെ പ്രതികരണം. പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
മഹാ കുംഭമേളയ്‌ക്കെത്തുന്ന സാധാരണക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അവര്‍ ആരോപിച്ചു. അവര്‍ക്ക് പ്രത്യേകമായൊരു പരിഗണനയും ലഭിക്കുന്നില്ലെന്നും പറഞ്ഞു. എന്നാല്‍, വിഐപികള്‍ക്കെല്ലാം പ്രത്യേകപരിഗണനയാണ് ലഭിക്കുന്നതെന്നും ജയ ബച്ചന്‍ ആരോപിച്ചു. മഹാകുംഭമേളയ്ക്ക് കോടിക്കണക്കിന് പേര്‍ എത്തിയെന്ന വാദത്തെയും ജയ എതിര്‍ത്തു. എങ്ങനെയാണ് ഇത്രയും പേര്‍ ഒരുസ്ഥലത്ത് ഒത്തുകൂടുകയെന്നും അവര്‍ ചോദിച്ചു.
ഇപ്പോള്‍ എവിടെയാണ് ഏറ്റവും കൂടുതല്‍ വെള്ളം മലിനമായിരിക്കുന്നത്? അത് കുംഭിലാണ്. മൃതദേഹങ്ങള്‍ ( കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ) നദിയിലേക്ക് എറിഞ്ഞുകളഞ്ഞു. അതുകാരണം ജലം മലിനമായി. യഥാര്‍ത്ഥ പ്രശ്‌നം അഭിസംബോധന ചെയ്യപ്പെടുന്നില്ല – അവര്‍ പറഞ്ഞു.
അതേസമയം, കുംഭമേള ദുരന്തവും കര്‍ഷക ആത്മഹത്യയും സംബന്ധിച്ച പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രസ്താവനയെ ചൊല്ലി രാജ്യസഭയില്‍ ബഹളം. ആയിരക്കണക്കിന് മരണമെന്ന ഖര്‍ഗെയുടെ പ്രസ്താവന ഗൗരവതരം എന്ന് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.മരണസംഖ്യ സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലെന്നും കൃത്യമായ സംഖ്യ പറഞ്ഞാല്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയാമെന്നും ഖര്‍ഗെ മറുപടി നല്‍കി.