NationalTop News

കർണാടക ഇനി നക്സൽ രഹിത സംസ്ഥാനം; അവസാനത്തെ മാവോയിസ്റ്റ്, ലക്ഷ്മിയും കീഴടങ്ങി

Spread the love

ബെംഗളൂരു: കർണാടകയിലെ അവസാനത്തെ മാവോയിസ്റ്റായി കണക്കാക്കപ്പെടുന്ന ലക്ഷ്മി ഞായറാഴ്ച ഉഡുപ്പിയിൽ കീഴടങ്ങി. ഉഡുപ്പി ഡെപ്യുട്ടി കമ്മിഷണർ വിദ്യ കുമാരി, എസ്പി അരുൺ കെ എന്നിവരുടെ സാന്നിധ്യത്തിലാണ് കീഴടങ്ങിയത്. സംസ്ഥാന നക്സൽ കീഴടങ്ങൽ കമ്മിറ്റി അംഗങ്ങളും 2020ൽ ആന്ധ്ര പ്രദേശിൽ കീഴടങ്ങിയ മാവോയിസ്റ്റുകളുമായ ശ്രീപൽ, ഭർത്താവ് സലിം എന്നിവർക്കൊപ്പമാണ് ലക്ഷ്മി കീഴടങ്ങാൻ എത്തിയത്.

ആന്ധ്ര പ്രദേശിൽ ഒളിവിലായിരുന്ന മാവോയിസ്റ്റ് ലക്ഷ്മിയുടെ പേരിൽ ഉഡുപ്പി ജില്ലയിലെ കുണ്ടപുർ താലൂക്കിൽ അമേസ്ബൈൽ, ശങ്കരനാരായണ പൊലീസ് സ്റ്റേഷനുകളിലായി 3 കേസുകളാണുള്ളത്. 2007 മുതൽ 2008 വരെ രജിസ്റ്റർ ചെയ്തതിൽ പൊലീസുമായുള്ള വെടിപ്പ്, ആക്രമണം, മാവോയിസത്തിലേക്ക് ആളുകളിലേക്ക് എത്തിക്കാൻ ശ്രമിച്ചത് തുടങ്ങിയ കേസുകളാണ് ഉള്ളത്. “കർണാടക സർക്കാർ കീഴടങ്ങൽ ചട്ടവും ധനസഹായവും പ്രഖ്യാപിച്ചപ്പോൾ തന്നെ എനിക്ക് കീഴടങ്ങണമെന്നുണ്ടായിരുന്നു. ജില്ലാ ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് സാധിച്ചില്ല. എന്നാൽ ഇപ്പോൾ കീഴടങ്ങൽ കമ്മിറ്റി രൂപീകരിച്ചതാനാൽ കീഴടങ്ങൽ സുഗമമായെന്നും” ലക്ഷ്മി പറഞ്ഞു. കീഴടങ്ങൽ പാക്കേജ് പ്രഖ്യാപിച്ചതിന് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ലക്ഷ്മി നന്ദി അറിയിച്ചു. തനിക്കെതിരെ ചുമത്തിയിട്ടുള്ള കേസുകളിൽ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലക്ഷ്മി ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.

കർണാടകയിൽ നിന്ന് തന്നെയുള്ള മാവോയിസ്റ്റുകളെ ഉൾപ്പെടുത്തിയിരിക്കുന്ന സർക്കാറിന്റെ ‘എ-കാറ്റഗറിയിലാണ്’ ലക്ഷ്മി ഉണ്ടായിരുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ വിദ്യ കുമാരി പറഞ്ഞു. കീഴടങ്ങൽ പാക്കേജ് ചട്ട പ്രകാരം ഈ വിഭാഗത്തിൽ വരുന്ന മാവോയിസ്റ്റുകൾക്ക് ഏഴ് ലക്ഷം രൂപയാണ് നൽകുന്നത്. മൂന്ന് വർഷങ്ങളിലായി പല ഘട്ടമായാണ് ഈ പണം നൽകുന്നത്. ഇത് കൂടാതെ താല്പര്യമനുസരിച്ച്‌ വിദ്യാഭ്യാസം, പുനഃരധിവാസം, ജോലി തുടങ്ങിയവയും നൽകുന്നുണ്ടെന്നും ദിവ്യ പറഞ്ഞു.

കീഴടങ്ങിയ മാവോയിസ്റ്റുകളുടെ പേരിലുള്ള കേസുകൾ പിൻവലിക്കണമെന്നും, സമൂഹത്തിൽ സാധാരണ മനുഷ്യരെ പോലെ അവർക്ക് ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുമെന്ന് കീഴടങ്ങൽ കമ്മിറ്റി മാധ്യമങ്ങളോട് പറഞ്ഞു. കമ്മിറ്റി രൂപീകരിച്ചതിന്റെ ഭാഗമായി 2025ൽ ഇതുവരെ 22 മാവോയിസ്റ്റുകളാണ് കീഴടങ്ങിയിട്ടുള്ളത്. കർണാടകയിലെ അവസാനത്തെ മാവോയിസ്റ്റാണ് ലക്ഷ്മി. ഇതോടെ കർണാടക നക്സൽ രഹിത സംസ്ഥാനമായെന്നും കമ്മിറ്റി പറഞ്ഞു.