മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ: കേരള പൊലീസിന് അനുവദിച്ച പുതിയ സ്പീഡ് ബോട്ട് രണ്ടു മാസമായി കട്ടപ്പുറത്ത്
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷാ ജോലിക്കായി കേരള പോലീസിന് അനുവദിച്ച പുതിയ സ്പീഡ് ബോട്ട് രണ്ടു മാസമായി കട്ടപ്പുറത്ത്. ബോട്ടിന്റെ വില തുകയായ മുപ്പത്തിയൊന്‍പതര ലക്ഷം രൂപ ഇതുവരെ ബോട്ട് നിര്‍മ്മിച്ച കമ്പനിയ്ക്ക് പൊലീസ് നല്‍കിയിട്ടില്ല. ഇതോടെ ബോട്ടിന്റെ സര്‍വീസിങ്ങ് നടത്താന്‍ കമ്പനി വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് പുതിയ ബോട്ട് കരയ്ക്കായത്.
ബോട്ട് നിര്‍മ്മിച്ച തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്പനി അധികൃതര്‍ പോലീസ് മേധാവിക്ക് നല്കിയ കത്ത് 24ന് ലഭിച്ചു. കഴിഞ്ഞ ഒക്ടോബര്‍ നാലിലാണ് ജില്ലാ പൊലീസ് മേധാവി ടി കെ പ്രദീപ് ബോട്ട് സര്‍വീസിന്റെ ഉദ്ഘാടനം നടത്തിയത്.
മുല്ലപ്പെരിയാര്‍ അതീവ സുരക്ഷാ മേഖലയാണ്. അവിടെ ഒരു പൊലീസ് സ്റ്റേഷനും ഉദ്യോഗസ്ഥരുമുണ്ട്. മുല്ലപ്പെരിയാറിലേക്ക് പോകാന്‍ പൊലീസിന് രണ്ട് ബോട്ടുകളാണ് ഉണ്ടായിരുന്നത്. അതില്‍ ഒരെണ്ണം നേരത്തെ തകരാറിലായിരുന്നു. മറ്റൊന്നില്‍ സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ഒമ്പതു പേര്‍ക്ക് മാത്രമാണ് സഞ്ചരിക്കാന്‍ കഴിയൂ. ഇതൊക്കെ പരിഗണിച്ചുകൊണ്ടാണ് 15 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന പുതിയൊരു സ്പീഡ് ബോട്ട് അനുവദിച്ചത്. ഈ ബോട്ടാണ് ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയിലുള്ളത്.