Saturday, February 1, 2025
Latest:
KeralaTop News

കേന്ദ്ര ബജറ്റ് വെള്ളപൂശൽ, തലക്കെട്ടിനായുള്ള പ്രഖ്യാപനങ്ങൾ മാത്രം; കെസി വേണുഗോപാൽ

Spread the love

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് തലക്കെട്ടിനായുള്ള പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വെള്ളപൂശലുകൾക്കപ്പുറം രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്ന ഒന്നും തന്നെ ബജറ്റിൽ ഇല്ല. തൊഴിലില്ലായ്മയ്ക്ക് പരിഹാരമില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. കൃഷിക്കാരുടെ വരുമാനം ഇരട്ടിയായില്ല. മിനിമം താങ്ങുവിലയ്ക്ക് പോലും നടപടിയുണ്ടാകുകയോ കൃഷിക്കാരുടെ യഥാർത്ഥ ആവശ്യങ്ങൾ പരിഗണിക്കുകയോ കേന്ദ്രം ചെയ്തിട്ടില്ലെന്ന് കെ സി വേണുഗോപാൽ വിമർശിച്ചു.

മുണ്ടക്കൈ – ചുരൽമല ദുരന്തം കേന്ദ്രം അവഗണിച്ചു. വയനാട് കേരളത്തിൽ ആയതു കൊണ്ടാണോ അവഗണിക്കുന്നത്. കേരളം ഇന്ത്യയിലാണെന്ന് അംഗീകരിക്കണമെന്നും ഉരുള്‍പൊട്ടലില്‍ തകര്‍ന്നുവീണ വയനാട് പോലും കേന്ദ്രത്തിന്‍റെ കണ്ണില്‍ പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിഹാറിന് വാരിക്കോരി നല്‍കിയ കേന്ദ്രബജറ്റില്‍ കേരളത്തെ തഴഞ്ഞു. പ്രതീക്ഷയോടെയാണ് കേരളം ബജറ്റിനെ നോക്കിക്കണ്ടതെങ്കിലും നിരാശയായിരുന്നു ഫലം. വയനാട് പുനരധിവാസത്തിന് 2000 കോടിയുടെ പാക്കേജും വിഴിഞ്ഞത്തിന് 5000 കോടിയും വേണമെന്നായിരുന്നു പ്രധാന ആവശ്യം.

ബജറ്റിലൂടെ കേന്ദ്ര സർക്കാർ കേരളത്തോട് കാണിച്ചത് പൂർണ അവഗണനയെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ആദായ നികുതിയിളവ് ഡൽഹി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും അദ്ദേഹം വിമർശിച്ചു. ഇന്ന് ബജറ്റ് അവതരിപ്പിക്കുമ്പോൾ രണ്ട് പരിഗണന മാത്രമായിരുന്നു ധനമന്ത്രിക്ക് ഉണ്ടായിരുന്നത്. സർക്കാരിനെ താങ്ങി നിർത്തുന്ന ബിഹാറിലെ ജെഡിയുവിനെ തൃപ്തിപ്പെടുത്തുക എന്നതായിരുന്നു ഒന്ന്. മറ്റൊന്ന് ഡൽഹി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രഖ്യാപിച്ച ഇളവാണെന്നും അദ്ദേഹം പറഞ്ഞു.