‘കോണ്‍ഗ്രസ് സംസാരിക്കുന്നത് അര്‍ബന്‍ നക്സലുകളുടെ ഭാഷയില്‍; രാജകുടുംബം രാഷ്ട്രപതിയെ അപമാനിച്ചു’; സോണിയ ഗാന്ധിയുടെ പരാമര്‍ശത്തില്‍ മോദി
കേന്ദ്ര ബജറ്റിന്റെ ഭാഗമായി പാര്‍ലമെന്റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള രാഷ്ട്രപതിയെ അപമാനിക്കുന്ന പ്രസ്താവനയെന്ന് മോദി പറഞ്ഞു. ഡല്‍ഹിയിലെ ദ്വാരകയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ കുടുംബത്തിന്റെ ധിക്കാരം നോക്കൂ. ആദിവാസി പശ്ചാത്തലത്തില്‍ വരുന്ന പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെ അവര്‍ അപമാനിച്ചു. ഒരു രാജകുടുംബാംഗം രാഷ്ട്രപതിയുടെ പ്രസംഗം വിരസമാണെന്നും അവര്‍ പാവമെന്നും പറഞ്ഞു. സോണിയ ഗാന്ധി തന്റെ പരാമര്‍ശത്തിലൂടെ പിന്നോക്ക വിഭാഗങ്ങളെയും ആദിവാസികളെയുമാണ് അപമാനിച്ചത്. അര്‍ബന്‍ നക്സലുകളുടെ ഭാഷയിലാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്. ഒഡീഷയിലെ ആദിവാസി സമൂഹത്തില്‍ നിന്നാണ് ദ്രൗപതി മുര്‍മു രാഷ്ട്രപതി പദത്തില്‍ എത്തിയത്. രാജ്യത്ത് ഏതൊക്കെ സമൂഹമാണോ ഉന്നതിയിലേക്ക് വരുന്നത് അവരെ കോണ്‍ഗ്രസ് അപമാനിക്കുന്നു – മോദി വ്യക്തമാക്കി.
അതേസമയം, സോണിയ ഗാന്ധിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസും പ്രതികരണവുമായി രംഗത്തെത്തി. രാഷ്ട്രപതിയെക്കൊണ്ട് പ്രചാരണ പത്രിക പോലുള്ള പ്രസംഗം വായിപ്പിച്ചുവെന്നും ബിജെപിയുടെ ശ്രദ്ധ പ്രചാരണത്തിലും വിഐപികളിലും മാത്രമെന്നുമാണ് വിമര്‍ശനം.
‘പ്രസംഗത്തിന്റെ അവസാനം എത്തിയപ്പോഴേക്കും രാഷ്ട്രപതി തളര്‍ന്നു. അവര്‍ക്ക് സംസാരിക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. പാവം’ എന്നായിരുന്നു സോണിയ ഗാന്ധിയുടെ പ്രസ്താവന. പ്രസംഗം മുഴുവന്‍ വ്യാജ വാഗ്ദാനങ്ങളായിരുന്നുവെന്നും ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് രാഷ്ട്രപതി സംസാരിച്ചില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.
സോണിയ ഗാന്ധിയുടെ പരാമര്‍ശം പദവിയുടെ അന്തസിനെ വ്രണപ്പെടുത്തുന്നതാണെന്ന് രാഷ്ട്രപതി ഭവന് പ്രതികരിച്ചു. പരാമര്‍ശം അംഗീകരിക്കാന്‍ ആകില്ല. പ്രസംഗത്തിന്റെ ഒരു ഘട്ടത്തിലും രാഷ്ട്രപതി ക്ഷീണിതയായിരുന്നില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി സംസാരിക്കുന്നത് ഒരിക്കലും ക്ഷീണിക്കില്ല. ഹിന്ദി പോലുള്ള ഇന്ത്യന്‍ ഭാഷകളിലെ ശൈലിയും പ്രസംഗവും ഈ നേതാക്കള്‍ക്ക് പരിചയമില്ലെന്നും അതിനാല്‍ തെറ്റായ ധാരണ രൂപപ്പെട്ടിരിക്കാമെന്നും രാഷ്ട്രപതി ഭവന് വ്യക്തമാക്കി.