KeralaTop News

ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകം; വീട്ടിൽ പരിശോധന നടത്തി പൊലീസ്, പൂജാരിയെ ചോദ്യം ചെയ്യും

Spread the love

തിരുവനന്തപുരം ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തിൽ ദുരൂഹത നീക്കാൻ പൊലീസ്. സംഭവം നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഡിവൈഎസ്പിയും തിരുവനന്തപുരം റൂറൽ എസ്‌പി കെ എസ് സുദർശന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താൻ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് ശ്രീജിത്തിനെയും ശ്രീജിത്തിന്റെ പിതാവിനെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വിശദമായി മൊഴിയെടുക്കാനാണ് അന്വേഷണസംഘം ഇരുവരെയും വിളിപ്പിച്ചത്. കുട്ടിയുടെ സഹോദരിയെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. സഹോദരിയെയും ഹരികുമാർ ഉപദ്രവിച്ചിരുന്നതായി അമ്മ ശ്രീതു മൊഴി നൽകിയിരുന്നു. ഇക്കാര്യത്തിലും പൊലീസ് വ്യക്തത വരുത്തും.

കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ കുറ്റവിമുക്ത ആക്കിയിട്ടില്ലെന്നും. ഡിലീറ്റ് ചെയ്‌ത ചാറ്റുകൾ തിരിച്ചെടുക്കാൻ ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കും. ഇന്ന് തെളിവെടുപ്പിനായി കൊണ്ടുവരില്ലെന്നും കസ്റ്റഡിയിൽ വാങ്ങിയ ശേഷമേ തെളിവെടുപ്പ് നടത്തുവെന്നും റൂറൽ എസ്പി കെ എസ് സുദർശൻ വ്യക്തമാക്കി.

അതേസമയം, കരിയ്ക്കകം സ്വദേശിയായ പൂജാരിയെയും അന്വേഷണസംഘം ചോദ്യം ചെയ്യും. ശ്രീതുവിന്റെ തല മുണ്ഡനം ചെയ്‌തത് വിശ്വാസത്തിന്റെ ഭാഗമാണോ എന്ന് സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഇതിനായി പൊലീസ് സംഘം കരിയ്ക്കകത്തേക്ക് പുറപ്പെട്ടു.

ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ ഇളയമകൾ രണ്ടുവയസ്സുകാരി ദേവേന്ദുവിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കിട്ടിയത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പം രാത്രി ഉറങ്ങാൻ കിടന്ന ദേവേന്ദുവിനെ കാണാനില്ലെന്നായിരുന്നു ആദ്യ വിവരങ്ങൾ. ഫയർഫോഴസാണ് കുഞ്ഞിന്റെ മൃതേദഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. തുടക്കം മുതൽ തന്നെ കൊലപാതകമെന്ന സംശയത്തിലുറച്ചാണ് പൊലീസ് നീങ്ങിയത്. പ്രാഥമിക മൊഴികളിൽ പൊരുത്തക്കേടുകൾ നിറഞ്ഞതോടെയാണ് അമ്മയെയും അച്ഛനെയും മുത്തശ്ശി ശ്രീകലയെയും അമ്മയുടെ സഹോദരൻ ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലിൽ അമ്മാവൻ ഹരികുമാർ പൊലീസിനെ വട്ടം കറക്കി. അന്വേഷിച്ച് കണ്ടുപിടിക്കെന്നായിരുന്നു ഹരികുമാറിന്റെ പൊലീസിനോടുള്ള വെല്ലുവിളി. ശ്രീതുവും ഹരികുമാറും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് അടക്കം ശേഖരിച്ചുള്ള പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഒടുവിലായിരുന്നു കുറ്റസമ്മതം. ശ്രീതുവിനെ ബന്ധുക്കളാരും ഏറ്റെടുക്കാതെ വന്നതോടുകൂടി പൂജപ്പുര മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരിക്കുകയാണ്.