KeralaTop News

എലപ്പുള്ളിയിലെ മദ്യ നിര്‍മ്മാണശാല: അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയെന്ന് ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല

Spread the love

എലപ്പുള്ളിയിലെ മദ്യ നിര്‍മ്മാണശാലയ്ക്ക് അനുമതി കൊടുത്തത് ഘടകകക്ഷികളോ മന്ത്രിസഭയിലെ അംഗങ്ങളോ അറിയാതെയെന്നും ആരും അറിയാതെ ഇത്ര തിടുക്കത്തില്‍ ഒയാസിസിന് അനുമതി നല്‍കിയതില്‍ വലിയ അഴിമതിയെന്നും ആരോപിച്ച് രമേശ് ചെന്നിത്തല. ഒരു വകുപ്പും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ മുന്‍ ഉത്തരവുകളും കാറ്റില്‍ പറത്തി ഒയാസിസിനെ സഹായിച്ചു. അഴിമതി ആരോപണം അടിയന്തര പ്രമേയമായി ഉന്നയിക്കാന്‍ കഴിയില്ല. നിയമസഭയിലെ സാങ്കേതിക കാര്യത്തെപ്പറ്റി സ്പീക്കര്‍ക്കും മന്ത്രിക്കും അറിയാം. എന്നിട്ടും എന്തുകൊണ്ട് സഭയില്‍ ഉന്നയിച്ചില്ല എന്ന വാദമാണ് നിരത്തുന്നത്. നിയമസഭയില്‍ എക്‌സൈസ് മന്ത്രിഒളിച്ചോടി. മുഖ്യമന്ത്രിയാണ് മറുപടി പറഞ്ഞത്. ആരോപണത്തില്‍ ഞാന്‍ ഉറച്ചു നല്‍ക്കുന്നു – ചെന്നിത്തല വിശദമാക്കി.

മഴവെള്ള സംഭരണി അപ്രായോഗികമാണെന്നും പിന്നെയെങ്ങനെ മദ്യം ഉണ്ടാക്കാന്‍ ജലം എത്തിക്കുമെന്നും ചെന്നിത്തല ചോദിച്ചു. വെളളം എടുക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ പ്രായോഗികമല്ല. ആ സ്ഥലത്തിന്റെ പ്രത്യേകതകള്‍ നേരിട്ട് കണ്ടതാണ്. മലമ്പുഴ അണക്കെട്ടിലെ ജലം കര്‍ഷകര്‍ക്കുള്ളതാണ്. അതു കുടിവെള്ളം കൂടിയാണ്. നിലവില്‍ വലിയ ജല ദൗര്‍ലഭ്യം നേരിടുന്ന ഇവിടെ നിന്ന് ജലം എടുക്കും എന്നാണ് പറയുന്നത് – പാലക്കാട് ലഭിച്ച മഴയുടെ കണക്ക് നിരത്തിയായിരുന്നു ചെന്നത്തലയുടെ പ്രതികരണം.

മൊത്തം ദുരൂഹത നിറഞ്ഞ പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയ ചെന്നത്തല കമ്പനിയെ മാത്രം സഹായിക്കാന്‍ മാത്രമാണ് പദ്ധതിയെന്നും വിശദമാക്കി. അവിടെ വേണ്ടത് മദ്യമല്ലഅരിയാണെന്നും പാലക്കാട് കേരളത്തിന്റെ നെല്ലറയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.