ചെന്താമരക്കായി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കിയേക്കും: ഒളിവില്‍ കഴിയാന്‍ ബന്ധുക്കള്‍ സഹായം നല്‍കിയെന്ന ആരോപണവുമായി അയല്‍വാസി
പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസില്‍ റിമാന്‍ഡിലായ ചെന്താമരക്കായി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കിയേക്കും. പഴുതടച്ച കുറ്റപത്രം കോടതിയില്‍ നല്‍കാന്‍ വിശദമായ കസ്റ്റഡി അനിവാര്യമാണെന്ന് പൊലീസ് കരുതുമ്പോഴും പ്രതിഷേധങ്ങള്‍ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. ചെന്താമരക്ക് ഒളിവില്‍ കഴിയാന്‍ ബന്ധുക്കള്‍ സഹായം നല്‍കിയെന്ന ആരോപണവുമായി അയല്‍വാസി പുഷ്പ രംഗത്തെത്തി.
ചെന്താമര വീണ്ടും അഴിക്കുളളിലായെങ്കിലും ഇത്തവണ പൊലീസിന് ഉത്തരവാദിത്വങ്ങള്‍ ഏറെയാണ്. കൃത്യമായ ആസൂത്രണത്തിലൂടെ പ്രതി നടപ്പാക്കിയ കൊലപാതകമെന്ന് തെളിയിക്കാന്‍ പുനരാവിഷ്‌ക്കരണം അടക്കം ആവശ്യമാണെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ നാട്ടുകാരുടെ പ്രതിഷേധം വെല്ലുവിളിയാകും. അതിനാല്‍ രഹസ്യമായായിരിക്കും പൊലീസിന്റെ നീക്കങ്ങള്‍. പ്രതിഷേധം തണുത്തശേഷം തെളിവെടുപ്പ് മതിയെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം. പൊലീസിനെ പോലും അമ്പരപ്പിച്ച് സ്റ്റേഷന് മുന്നിലെ വികാരപ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഇതിനിടെ ചെന്താമരക്ക് ഒളിവില്‍ കഴിയാന്‍ ബന്ധുക്കളുടെ സഹായം കിട്ടിയെന്ന ആരോപണവുമായി പ്രദേശവാസിയായ പുഷ്പ രംഗത്തെത്തി. സഹോദരനും ബന്ധുക്കളും സഹായിച്ചതിനാലാണ് പ്രതിക്ക് പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയാനായത്. പ്രതി മടങ്ങിയെത്തിയാല്‍ ആദ്യം കൊലപ്പെടുത്തുക തന്നെയായിരിക്കുമെന്നും പുഷ്പ.
ചെന്താമര അഴിക്കുളളിലായെങ്കിലും പ്രദേശത്ത് പൊലീസ് കവല്‍ ഇപ്പോഴും തുടരുന്നുണ്ട്. പ്രതി ജാമ്യോപാദി ലംഘിച്ചെന്ന കാര്യം കണ്ടെത്തിയിട്ടും നടപടിയെടുക്കാതിരുന്ന എസ്എച്ച്ഓക്കെതിരെ കൂടുതല്‍ വകുപ്പ് തലനടപടി ഉണ്ടായേക്കുമെന്ന വിവരവും പുറത്ത് വരുന്നുണ്ട്.