ഐപിഎൽ 2025: ആദ്യ മാച്ച് മാർച്ച് 21ന്; അന്തിമ ഷെഡ്യൂൾ ഉടൻ
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് (ഐപിഎൽ) 2025 എഡിഷൻ മാർച്ച് 21 ന് ആരംഭിക്കുമെന്ന് ചെയർമാൻ അരുൺ ധുമാൽ. ആകെ 182 കളിക്കാരെയാണ് വിവിധ ടീമുകൾ ലേലത്തിൽ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം നവംബറിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ രണ്ട് ദിവസങ്ങളിലായി നടന്ന മെഗാ ലേലത്തിൽ 639.15 കോടി രൂപയാണ് ടീം മാനേജ്മെൻ്റുകൾ ചിലവഴിച്ചത്. ഐ പി എൽ മാർച്ച് 21 ന് തുടങ്ങാനാണ് പ്രാഥമിക തീരുമാനം. എല്ലാ പങ്കാളികളുമായും കൂടിയാലോചിച്ച് കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അന്തിമ ഷെഡ്യൂൾ പ്രഖ്യാപിക്കുമെന്ന് ധുമൽ വിശദീകരിച്ചു. ഐപിഎൽ നിയമങ്ങളിൽ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നും എന്നാൽ രണ്ട് മൂന്ന് മത്സരങ്ങൾ ധർമ്മശാല ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിക്കറ്റ് ലീഗാണ് ഐപിഎല്‍ എന്നും തീര്‍ത്തും മത്സര സ്വഭാവത്തോടെ തന്നെയാണ് ലീഗ് സംഘടിപ്പിക്കുന്നന്നതെന്നും തീര്‍ച്ചയായും ഇത്തവണ അത് കൂടുതല്‍ മികച്ചതായിരിക്കുമെന്നും ബിലാസ്പൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിച്ച ‘സന്‍സദ് ഖേല്‍ മഹാകുംഭ’ ക്രിക്കറ്റ് മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ അരുണ്‍ ധുമാല്‍ പറഞ്ഞു. ‘സന്‍സദ് ഖേല്‍ മഹാകുംഭ’ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ മൂന്നാം പതിപ്പിനാണ് തിങ്കളാഴ്ച ബിലാസ്പൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടക്കമായത്.