KeralaTop News

ശക്തമായ അവഗണനയെന്ന് പരാതി; എന്‍ഡിഎ മുന്നണി വിടാന്‍ ബിഡിജെഎസ്; കോട്ടയം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി

Spread the love

എന്‍ഡിഎ മുന്നണി വിടാന്‍ ബിഡിജെഎസ്. അവഗണനയില്‍ പ്രതിഷേധിച്ചാണ് മുന്നണി വിടണം എന്ന് ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായത്. കോട്ടയത്ത് ജില്ല കമ്മിറ്റി ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന നേതൃയോഗവും വിളിച്ചു. അതേസമയം ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്ന് കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.

ഇന്നലെ കോട്ടയത്ത് ചേര്‍ന്ന് ജില്ലാ ഭാരവാഹികളുടെ നേതൃയോഗത്തിലാണ് മുന്നണി വിടണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നത് . തുഷാര്‍ വെള്ളാപ്പള്ളിയെ വേദിയില്‍ ഇരിക്കുമ്പോള്‍ ജില്ലാ പ്രസിഡണ്ട് എം പി സെന്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു. 9 വര്‍ഷമായി ബിജെപിയില്‍ നിന്നും എന്‍ഡിഎയില്‍ നിന്നും അവഗണന നേരിടുകയാണ്. അര്‍ഹമായ പരിഗണന ഇതുവരെ ലഭിച്ചില്ല മറ്റു മുന്നണികള്‍ ബിഡിജെസിന് സ്വീകരിക്കാന്‍ തയ്യാറാണെന്നും ചര്‍ച്ചയുണ്ടായി.
കോട്ടയം പാര്‍ലമെന്റില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് വിജയിക്കാതിരുന്നത് ഒപ്പമുള്ളവര്‍ സഹായിക്കാതിരുന്നതിനാല്‍ ആണെന്നും കോട്ടയം ജില്ലാ നേതൃത്വം വിമര്‍ശിച്ചു. അതേസമയം ബിഡിജെഎസ് ആശയത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഡിഎയില്‍ ചേര്‍ന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. എന്‍ഡിഎയില്‍ നിന്ന് പുറത്തു പോകണമെന്ന് ബി ഡിജെഎസ് ഒരിക്കലും തീരുമാനമെടുക്കില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഭൂരിഭാഗം ജില്ലാ കമ്മിറ്റികള്‍ക്കും ഇതേ നിലപാടാണ് എന്നാണ് പുറത്തുവരുന്ന വിവരം. ആവശ്യം ശക്തമായതോടെ സംസ്ഥാന നേതൃയോഗവും വിളിച്ചു. ഒന്നാം തിയതി ചേര്‍ത്തലയില്‍ നേതൃയോഗം ചേരും.