NationalTop News

വിവാഹം നടന്നില്ല, യുവതി ജീവനൊടുക്കി: യുവാവിന്റെ അമ്മയ്ക്കെതിരായ ആത്മഹത്യ പ്രേരണ കേസ് സുപ്രീം കോടതി റദ്ദാക്കി

Spread the love

വിവാഹത്തിന് അനുമതി നിരസിക്കുന്നത് ഐപിസി സെക്ഷൻ 306 പ്രകാരം ആത്മഹത്യാപ്രേരണയ്ക്ക് കാരണമാകില്ലെന്ന് സുപ്രീംകോടതി. യുവാവിനെ വിവാഹം കഴിക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ യുവാവിന്റെ അമ്മയ്ക്കെതിരെ ചുമത്തിയ കേസ് റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതി ഡിവിഷൻ ഉത്തരവിട്ടത്. ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരാണ് കേസ് പരിഗണിച്ചത്.

മരിച്ച യുവതിയുടെ കുടുംബവും , വിവാഹാഭ്യർത്ഥന നിരസിച്ച യുവാവിന്റെ കുടുംബവും തമ്മിലായിരുന്നു കേസ്. മരിച്ച യുവതിക്കെതിരെ യുവാവിന്റെ അമ്മ നീചവും നിത്യവുമായ പദപ്രയോഗങ്ങൾ നടത്തി എന്നടക്കം ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു.

കേസിലെ സാക്ഷി മൊഴികളും തെളിവുകളും എല്ലാം പരിശോധിച്ച സുപ്രീം കോടതി അമ്മയ്ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്താൻ മതിയായ കാരണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി. യുവതിക്ക് മുന്നിൽ ആത്മഹത്യ അല്ലാതെ മറ്റൊരു വഴിയുമില്ല എന്ന നിലയിലേക്ക് കുറ്റാരോപിത കാര്യങ്ങൾ എത്തിച്ചു എന്നതിന് അടിസ്ഥാനമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
മകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ മരിച്ച യുവതിയെ പ്രതി സമ്മർദ്ദം ചെലുത്തിയിരുന്നില്ലെന്നും, യുവതിയുടെ കുടുംബത്തിനാണ് ബന്ധത്തിൽ എതിർപ്പ് ഉണ്ടായിരുന്നതെന്നും കോടതി വിലയിരുത്തി. പ്രതിയായ അമ്മ വിവാഹത്തിന് എതിരെ നിന്നിരുന്നെങ്കിലും ആത്മഹത്യാ പ്രയരണയ്ക്ക് അത് മതിയായ കാരണമാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു.