കഞ്ചാവ് കൃഷിയെ കുറിച്ചുള്ള പഠനം; അംഗീകാരം നൽകി ഹിമാചൽ മന്ത്രിസഭ
കഞ്ചാവ് കൃഷി സംബന്ധിച്ച പഠനത്തിന് ഹിമാചല്‍ പ്രദേശ് കാബിനറ്റിന്റെ അംഗീകാരം. വ്യാവസായിക, ശാസ്ത്രീയ, ഔഷധ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് നിയന്ത്രിതമായി കൃഷി ചെയ്യാന്‍ ശിപാര്‍ശ ചെയ്യുന്ന കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്. കൃഷി ചെയ്യാന്‍ യോഗ്യമായ കഞ്ചാവ് ഇനങ്ങള്‍ കണ്ടെത്താന്‍ നേരത്തെ തന്നെ സര്‍വകലാശാലകളെ ചുമതലപ്പെടുത്തിയിരുന്നു. 2023 ഏപ്രിൽ 26 നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഒരു സമിതിയെ രൂപീകരിച്ചിരുന്നത്. സമിതിയിൽ ശാസ്ത്രജ്ഞർ, ഹോർട്ടികൾച്ചർ വിദഗ്ധർ, എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും അംഗങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്.
ചൗധരി സർവാൻ കുമാർ കൃഷി വിശ്വവിദ്യാലയ, പാലംപൂർ, കംഗ്ര, ഡോ വൈഎസ് പാർമർ യൂണിവേഴ്സിറ്റി ഓഫ് ഹോർട്ടികൾച്ചർ, നൗനി, സോളൻ എന്നിവ സംയുക്തമായാണ് പഠനം നടത്തുന്നത്. ഈ സംരംഭത്തിൻ്റെ നോഡൽ വകുപ്പായി കൃഷിവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
എക്‌സൈസ് ആന്റ് ടാക്സേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും നിയമ നിര്‍വഹണ ഏജന്‍സികളുടെയും കര്‍ശന നിരീക്ഷണത്തില്‍ ലഹരി ഗുണങ്ങള്‍ കുറഞ്ഞ വിത്തുകള്‍ മാത്രമേ കൃഷി ചെയ്യുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും 1985ലെ എന്‍.ഡി.പി.എസ് നിയമത്തിലെ സെക്ഷന്‍ 10, 14, 1989ലെ ഹിമാചല്‍ പ്രദേശ് എന്‍.ഡി.പി.എസ് റൂള്‍സ് റൂള്‍ 29 എന്നിവയ്ക്ക് അനുസൃതമായിരിക്കുമെന്ന് കൃഷി മന്ത്രി ചന്ദര്‍കുമാര്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ സര്‍വ്വകലാശാലകളില്‍ വിത്ത് ഉത്പാദിപ്പിക്കുമെന്നും പിന്നീട് കൃഷിക്കായുള്ള സ്ഥലം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ ഔഷധ ആവശ്യങ്ങള്‍ക്കായി ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ കഞ്ചാവ് കൃഷി ചെയ്യുന്നുണ്ട്.