KeralaTop News

പഞ്ചാരക്കൊല്ലിയില്‍ ജനരോഷമിരമ്പി; മന്ത്രിയെ തടഞ്ഞു; പ്രതിഷേധങ്ങള്‍ക്കിടയില്‍ രാധയുടെ വീട്ടിലെത്തി എ കെ ശശീന്ദ്രന്‍

Spread the love

പ്രതിഷേധങ്ങള്‍ക്കിടയില്‍ രാധയുടെ വീട്ടുകാരുമായി കൂടിക്കാഴ്ച്ച നടത്തി വനംമന്ത്രി എ കെ ശശീന്ദ്രന്‍. വഴിയിലുടനീളം മന്ത്രിക്കെതിരെ ജനരോഷമിരമ്പി. വഴിയില്‍ കിടന്നും ഇരുന്നും ജനങ്ങള്‍ പ്രതിഷേധിച്ചതോടെ മന്ത്രിക്ക് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെയായി. മുന്‍ പ്രസ്താവനകള്‍ മന്ത്രി പിന്‍വലിക്കണം എന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കാട്ടില്‍ നിന്ന് രാധ ആക്രമിക്കപ്പെട്ടു എന്ന പ്രസ്താവന പിന്‍വലിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. പ്രതിഷേധം രാഷ്ട്രീയ പ്രേരിതം എന്ന പ്രസ്താവനയും പിന്‍വലിക്കാന്‍ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധവും നടന്നു.

വന്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മന്ത്രി രാധയുടെ വീട്ടില്‍ എത്തി. കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം മടങ്ങി. രാധയുടെ മകന്‍ അനിലിന് താത്കാലിക നിയമന ഉത്തരവ് കൈമാറിയാണ് മന്ത്രി മടങ്ങിയത്. ഗസ്റ്റ്ഹൗസില്‍ മന്ത്രി നാട്ടുകാരുമായി ചര്‍ച്ച നടത്തും. മന്ത്രിയോട് സംസാരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ തന്നെയാണ് നേരത്തെ അറിയിച്ചത്. അനുയോജ്യമായ സ്ഥലത്ത് വെച്ച് വെടി വെച്ചു കൊല്ലും. മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഇനി മയക്കുവെടി വെയ്ക്കില്ല. പ്രദേശത്ത് ഒന്നാം തീയതിയ്ക്ക് അകം കൂടുതല്‍ ക്യാമറ സ്ഥാപിക്കും. അടിക്കാടുകള്‍ മൂന്നു ഘട്ടമായി വെട്ടുമെന്നും മന്ത്രി വ്യക്തമാക്കി.