‘നടപടി അംഗീകരിക്കാനാകില്ല’; മാരാമൺ കൺവെൻഷനിൽ വിഡി സതീശനെ ഒഴിവാക്കിയതിൽ അതൃപ്തി പരസ്യമാക്കി പി ജെ കുര്യൻ
മാരാമൺ കൺവെൻഷനിൽ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒഴിവാക്കിയ സംഭവത്തിൽ സഭക്കെതിരെ അതൃപ്തി വ്യക്തമാക്കി പി ജെ കുര്യൻ. യുവ വേദിയുടെ പരിപാടിക്കായി വി ഡി സതീശന്റെ ഡേറ്റ് ബ്ലോക്ക് ചെയ്യാൻ ആവിശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ചു ഡേറ്റ് ബ്ലോക്ക് ചെയ്ത ശേഷം ഒഴിവാക്കിയ നടപടി അംഗീകരിക്കാനാകില്ലെന്ന് പിജെ കുര്യൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
മെത്രാപ്പൊലീത്തയാണ് വി ഡി സതീശനെ ഒഴിവാക്കി പരിപാടിക്കായി മറ്റൊരാളെ തിരഞ്ഞെടുത്തത്. വി ഡി സതീശൻ ഉറ്റ സുഹൃത്താണെന്നും താൻ ഇടപെട്ട് സതീശനെ ഒഴിവാക്കിയെന്ന പ്രചരണം തെറ്റാണെന്നും പിജെ കുര്യൻ വ്യക്തമാക്കി. മാരാമൺ കൺവെൻഷൻ യോഗങ്ങളിൽ രാഷ്ട്രീയ നേതാക്കളെ ക്ഷണിക്കാറില്ല. കൺവെൻഷനുമായി ബന്ധപ്പെട്ട അനുബന്ധ പരിപാടികളിലാണ് മുൻപ് ശശി തരൂർ പങ്കെടുത്തിട്ടുള്ളത്. വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും വി ഡി സതീശനുമായി നല്ല ബന്ധമാണുള്ളതെന്നും മെത്രാപ്പൊലീത്ത വ്യക്തമാക്കിയെന്നും പി ജെ കുര്യൻ ഫേസ്ബുക്കിൽ കുറിച്ചു.
മതിയായ കൂടിയാലോചന ഇല്ലാതെ വിഡി സതീശനെ ക്ഷണിച്ചതിൽ മാർത്തോമാ സഭയ്ക്കുള്ളിൽ അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടർന്നാണ് വിഡി സതീശനെ കൺവെൻഷനിൽ നിന്ന് ഒഴിവാക്കിയത്. കൺവെൻഷനിലെ പ്രാസംഗികനായി പ്രതിപക്ഷ നേതാവിന് ക്ഷണമുണ്ടെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. മാരാമൺ കൺവെൻഷന്റെ 130-ാമത് യോഗം ഫെബ്രുവരി ഒമ്പതു മുതൽ 16 വരെ പമ്പാ മൺൽപ്പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലിലാണ് നടക്കുക.