KeralaTop News

5 രൂപ നോട്ട് കിട്ടാനില്ല; അതുകൊണ്ട് ഒ.പി ടിക്കറ്റിന് 10 രൂപയാക്കി’; വിചിത്രവാദവുമായി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ

Spread the love

അഞ്ച് രൂപ നോട്ടിന്റെ ദൗര്‍ലഭ്യം മൂലമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒപി ടിക്കറ്റ് ചാര്‍ജ് 10 രൂപയാക്കി ഉയര്‍ത്തിയതെന്ന് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ആശുപത്രി വികസന സമിതി ജീവനക്കാര്‍ സംഘടിപ്പിച്ച മാര്‍ച്ചിലായിരുന്നു കടകംപള്ളിയുടെ അസാധാരണ ന്യായീകരണം.

ഹോസ്പിറ്റല്‍ ഡെവലപ്പ്‌മെന്റ് കമ്മറ്റികള്‍ ചാരിറ്റി പ്രവര്‍ത്തനമാണ് ഫലത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്റ്റ് അനുസരിച്ചാണ് അത് പ്രവര്‍ത്തിക്കുന്നത്. അതിന്റെ വരുമാനം രോഗികളില്‍ നിന്നും മറ്റും ഈടാക്കുന്ന തുച്ഛമായ വരുമാനമാണ്. അടുത്തകാലത്ത് ഒപി ടിക്കറ്റിന് അഞ്ചുരൂപ ഈടാക്കാന്‍ തീരുമാനിച്ചതില്‍ വലിയ പ്രക്ഷോഭം ഉയര്‍ന്നു വന്നു. ഇപ്പോള്‍ അഞ്ച് രൂപ നോട്ട് കിട്ടാനുണ്ടോ? നമ്മുടെ ആരുടെ എങ്കിലും കൈയില്‍ അഞ്ച് രൂപയുണ്ടോ? അഞ്ച് രൂപ തീരുമാനിച്ചപ്പോള്‍ മിനിമം പത്ത് രൂപയാക്കണമെന്ന് എല്ലാവരും പറഞ്ഞു. കാരണം അഞ്ച് രൂപ നോട്ടും നാണയങ്ങളും കിട്ടാനില്ല. അങ്ങനെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 10 രൂപ ഒപി ടിക്കറ്റിനായി തീരുമാനിച്ചത്. കോണ്‍ഗ്രസുകാര്‍ വലിയ സമരവുമായി വന്നു. ഇങ്ങനെ സമാഹരിക്കുന്ന ചെറിയ തുക ഉള്‍പ്പെടുന്ന വരുമാനമാണ് യഥാര്‍ത്ഥത്തില്‍ ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് കമ്മറ്റികളുടെ പ്രവര്‍ത്തനത്തിന്റെ ആകെത്തുക – അദ്ദേഹം വ്യക്തമാക്കി.

കേരളം ആരോഗ്യമേഖലയില്‍ ലോക മാതൃക സൃഷ്ടിച്ച സംസ്ഥാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.