technologyTop News

ഹബിൾ ടെലിസ്കോപ്പ് പകർത്തിയ അത്ഭുതം: ആൻഡ്രോമീഡ ഗാലക്സിയുടെ ഏറ്റവും വ്യക്തമായ ചിത്രം

Spread the love

ഭൂമി ഉള്‍പ്പെടുന്ന ആകാശഗംഗയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ‘ആൻഡ്രോമീഡ ഗാലക്സി’ നക്ഷത്രസമൂഹത്തിന്റെ ഇതുവരെ പകര്‍ത്തപ്പെട്ട ഏറ്റവും വിശദമായ ചിത്രം പകർത്തി ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി. ഭൂമിയില്‍ നിന്ന് 25 ലക്ഷം പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്രസമൂഹമാണ് ആൻഡ്രോമീഡ ഗാലക്സി. 10 കോടിയിലധികം നക്ഷത്രങ്ങളെ ഉൾക്കൊള്ളുന്ന ഈ ചിത്രം ഒരു പതിറ്റാണ്ടിലേറെ നീണ്ട നിരീക്ഷണങ്ങളുടെയും വിശദമായ വിശകലനത്തിന്റെയും ഫലമാണ്.

2015ലാണ് ആൻഡ്രോമീഡയുടെ ഉത്തരാര്‍ദ്ധത്തിലെ ചിത്രങ്ങള്‍ സംയോജിപ്പിക്കാന്‍ ഹബിള്‍ സ്പേസ് ടെലിസ്കോപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ ശ്രമം തുടങ്ങിയത്. പുതിയ ചിത്രത്തിന്റെ പ്രത്യേകത അതിന്റെ വലുപ്പമാണ്. 1.5 ബില്യൺ പിക്സലുകളുള്ള ഈ ചിത്രം പൂർണ്ണമായും കാണണമെങ്കിൽ 600 എച്ച്ഡി ടെലിവിഷൻ സ്ക്രീനുകൾ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ചിത്രത്തിലൂടെ ശാസ്ത്രജ്ഞർക്ക് ആൻഡ്രോമീഡ ഗാലക്സിയുടെ രൂപീകരണം ,വളർച്ച എന്നിവയെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കാൻ സാധിക്കും.

ആൻഡ്രോമീഡ ഗാലക്സിയുടെ ഉത്തരാര്‍ദ്ധത്തിലെ ചിത്രങ്ങള്‍ സംയോജിപ്പിക്കാനുള്ള ശ്രമങ്ങൾ പൂർത്തിയായതായി വാഷിംഗ്ടണ്‍ സർവകലാശാലയിലെ സോവു സെന്നും സഹപ്രവർത്തകരുമാണ് അറിയിച്ചിരിക്കുന്നത്. ഒരു ലക്ഷം കോടിയോളം നക്ഷത്രങ്ങൾ ആൻഡ്രോമീഡയിലുണ്ട് എന്നാണ്‌ ശാസ്ത്രജ്ഞരുടെ അനുമാനം. ഇത് ക്ഷീരപഥത്തിലുള്ളതിനേക്കാൾ ഏറെയാണ് എന്ന് മനസിലാക്കാം. ആൻഡ്രോമീഡ സർപ്പിളാകൃതിയിലുള്ള താരാപഥമാണ്. ആൻഡ്രോമീഡയെ കുറിച്ച് കൂടുതൽ ഗവേഷണങ്ങള്‍ നടന്നുവരികയാണ്.