KeralaTop News

കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും വെള്ളം തികയുന്നില്ല’, മദ്യനിര്‍മ്മാണശാലക്ക് വെളളം നല്‍കാന്‍ കഴിയില്ലെന്ന് വാട്ടര്‍ അതോറിറ്റി

Spread the love

എലപ്പുളളിയിലെ മദ്യനിര്‍മ്മാണശാലക്ക് വെളളം നല്‍കാന്‍ വാട്ടര്‍ അതോറിറ്റിക്ക് കഴിയില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ ട്വന്റി ഫോറിന്. ജലവിഭവ വകുപ്പ് 2017ല്‍ തന്നെ വ്യാവസായിക ആവശ്യത്തിന് വെളളം നല്‍കാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും മലമ്പുഴ ഡാമിലെ വെളളം തികയുന്നില്ലെന്ന് എക്‌സിക്യുട്ടീവ് എന്‍ഞ്ചിനിയര്‍ നല്‍കിയ കത്തില്‍ പരാമര്‍ശിക്കുന്നു.

അതേസമയം മദ്യനിര്‍മ്മാണശാല അനുമതിയില്‍ ഘടകക്ഷികള്‍ തന്നെ അതൃപ്തി അറിയിച്ചിട്ടും സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കാതെ വന്നതോടെ പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ് ജില്ലയില്‍. മദ്യക്കമ്പനി തങ്ങളെ തെറ്റിധരിപ്പിച്ചാണ് എന്‍ഓസി കരസ്ഥമാക്കിയതെന്ന വെളിപ്പെടുത്തല്‍ കൂടി പുറത്ത് വന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി.

ഇന്ന് മന്ത്രി എംബി രാജേഷിന്റെ വീട്ടിലേക്ക് മഹിളാമോര്‍ച്ച കാലിക്കുടങ്ങളുമായി പ്രതിഷേധപ്രകടനം നടത്തും.ബ്രൂവറിയില്‍ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനാണ് ബിജെപി തീരുമാനം,സിപിഐഎം സമ്മേളനകാലയളവില്‍ ഉയര്‍ന്ന വിവാദം ജില്ലാ സമ്മേളനത്തിലും ചര്‍ച്ചയാകാനാണ് സാധ്യത.