മസ്കിന്റെ നാസി സല്യൂട്ട്? ട്രംപിന്റെ സ്ഥാനാരോഹണത്തിന് പിന്നാലെ വൻ വിവാദം
ഇത് വെറുമൊരു വിജയമല്ലെന്നും മനുഷ്യരാശിയുടെ യാത്രയിൽ നിർണായകമായ ഒരു ഏടാണെന്നും ആണ് ട്രംപിന്റെ സ്ഥാനാരോഹണത്തെ ഇലോൺ മസ്ക വിശേഷിപ്പിച്ചത്. ഇതു സംഭവിപ്പിച്ചതിന് നന്ദി എന്ന് കൂടിനിന്ന് ട്രംപ് അനുകൂലികളെ നോക്കി പറഞ്ഞ ശേഷം കൈവിരലുകൾ വിടർത്തി വലതുകൈ തന്റെ നെഞ്ചോട് ചേർത്തുവച്ചു. പിന്നീട് വിരലുകൾ ചേർത്തുവച്ച് സദസ്സിനെ നോക്കി നാസി സല്യൂട്ട്. തന്റെ പുറകുവശത്ത് നിൽക്കുന്നവരുടെ നേരെയും ഈ പ്രവർത്തി അദ്ദേഹം ആവർത്തിച്ചു.
ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വാഷിംഗ്ടൺ ഡിസിയിൽ നടന്ന ആഘോഷ പരിപാടിയിൽ ഇലോൺ മസ്കിന്റെ നാസി സല്യൂട്ട് വിവാദമായി. ക്യാപ്പിറ്റോൾ വൺ അരീനയിൽ നടന്ന പരിപാടിയിലാണ് തുടർച്ചയായി അദ്ദേഹം നാസി സല്യൂട്ട് ചെയ്തത്. ആർത്തലച്ച ട്രംപ് അനുകൂലികളുടെ നേരെയായിരുന്നു ഈ പ്രവർത്തി.
പിന്നീട് തന്റെ ഈ പ്രസംഗം അദ്ദേഹം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി പ്രചരിപ്പിക്കുകയും ചെയ്തു. വലിയ വിമർശനം പിന്നാലെ ഉയർന്നെങ്കിലും ചിലർ യോജിച്ചും ചിലർ ഇത് നാസി സല്യൂട്ട് അല്ലെന്നും വാദിച്ച രംഗത്ത് വന്നു. തന്റെ ഹൃദയം ജനങ്ങൾക്കൊപ്പം ആണെന്ന് പറയുകയായിരുന്നു എന്നാണ് വലിയ വിഭാഗത്തിന്റെ ന്യായീകരണം.
ജർമ്മനിയിൽ ഫെബ്രുവരി 23 നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനിയെ പിന്തുണച്ച് നേരത്തെ ഇലോൺ മസ്ക് രംഗത്ത് വന്നിരുന്നു. കുടിയേറ്റ വിരുദ്ധ മുസ്ലിം വിരുദ്ധ നിലപാട് ഉയർത്തുന്ന ഈ പാർട്ടിയെ ജർമ്മനിയുടെ രക്ഷകൻ എന്നാണ് മസ്ക് വിശേഷിപ്പിച്ചത്. ജർമ്മൻ സെക്യൂരിറ്റി സർവീസ് ഈ പാർട്ടിയെ തീവ്ര വലതുപക്ഷ പാർട്ടിയായാണ് വിലയിരുത്തുന്നത്. ജനുവരി 9 ന് ആൾട്ടർനേറ്റീവ് ഫോർ ജർമ്മനിയുടെ ചാൻസലർ സ്ഥാനാർത്ഥി ആലീസ് വെയ്ഡലിന്റെ ഓൺലൈൻ ബ്രോഡ്കാസ്റ്റിൽ ഇലോൺ മസ്കും ഭാഗമായിരുന്നു.