കെ.പി.സി.സി നേതൃമാറ്റം; കേരള നേതാക്കൾ പല തട്ടിൽ, സമ്പൂർണ പുനഃസംഘടന വേണമെന്ന് ഒരുവിഭാഗം
കെ.പി.സി.സി നേതൃമാറ്റത്തിൽ കേരള നേതാക്കൾ പല തട്ടിൽ. നേതൃമാറ്റം അടക്കം സമ്പൂർണ്ണ പുനഃസംഘടന വേണമെമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുമായുള്ള ചർച്ചയിലാണ് ആവശ്യം. പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഹൈക്കമാൻഡ് പേര് നിർദേശിക്കില്ല. അധ്യക്ഷൻ മാറിയാൽ പകരം പേര് കേരള നേതാക്കൾ മുന്നോട്ട് വെക്കണമെന്നാണ് നിർദേശം. കെ സുധാകരൻ തുടർന്ന് കൊണ്ട് കെ.പി.സി.സി യിൽ അഴിച്ചു പണി വേണമെന്നാണ് ഒരു വിഭാഗം മുന്നോട്ട് വയ്ക്കുന്ന ആവശ്യം.
കെപിസിസി നേതൃമാറ്റത്തിൽ ചർച്ചക്ക് തുടക്കമിട്ടിരിക്കുകയാണ് ഹൈക്കമാൻഡ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട നേതാക്കളെ പ്രത്യേകം കണ്ട് നേതൃമാറ്റം സംബന്ധിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയാണ്. രമേശ് ചെന്നിത്തല, ബെന്നി ബഹനാൻ, സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളെ കഴിഞ്ഞദിവസം എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കണ്ടിരുന്നു. കെപിസിസിയിൽ പുനഃസംഘടന വേണമെന്ന അഭിപ്രായമാണ് ഹൈക്കമാൻഡിനും ഉള്ളത്. പഞ്ചായത്ത് തിരഞ്ഞെടുപ്പുവരെ പുനഃസംഘടനയ്ക്ക് കാത്തിരിക്കാം എന്നായിരുന്നു ആദ്യത്തെ നിലപാട്. എന്നാൽ അതിന് മുൻപ് തന്നെ നേതൃമാറ്റം നടത്താനാണ് ആലോചന.
അതേസമയം സംസ്ഥാനത്തെ കോൺഗ്രസിനുള്ളിലെ തർക്കം പ്രതിസന്ധിയായി തുടരുകയാണ്. പാർട്ടിയിൽ ഐക്യമുണ്ടെന്ന് അറിയിക്കാൻ തീരുമാനിച്ച സംയുക്ത വാർത്ത സമ്മേളനം ഇനിയെന്ന് നടക്കും എന്നും വ്യക്തതയില്ല.