ട്രംപിൻ്റെ രണ്ടാം വരവ്; അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു
47-ാമത് അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു. വാഷിങ്ടണ്ണിലെ യു എസ് ക്യാപിറ്റോളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് ഡോണൾഡ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. എഴുപത്തിയെട്ടുകാരൻ ഡോണൾഡ് ട്രംപിന് അമേരിക്കൻ പ്രസിഡന്റ് കസേരിൽ ഇത് രണ്ടാമൂഴം.
2017 മുതൽ 2021 വരെയായിരുന്നു ട്രംപിന്റെ ആദ്യ പ്രസിഡന്റ് കാലയളവ്. വൈസ് പ്രസിഡന്റായി ജെ ഡി വാൻസും സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്കുശേഷം സെനറ്റ് ചേംബറിനടുത്തുള്ള പ്രസിഡന്റിന്റെ മുറിയിലെത്തി ട്രംപ് രേഖകളിൽ ഒപ്പുവയ്ക്കും. തുടർന്ന് കോൺഗ്രസ് അംഗങ്ങൾ പങ്കെടുക്കുന്ന ഉച്ചഭക്ഷണ സൽക്കാരം. സംഗീതാവതരണവും ഉദ്ഘാടന പരേഡും അതിനുശേഷം നടക്കും.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ബുഷ്, ബരാക് ഒബാമ, ഹിലരി ക്ലിൻൺ, ശതകോടീശ്വരന്മാരായ ഇലോൺ മസ്ക്, മെറ്റ സി ഇ ഒ മാർക് സക്കർബെർഗ്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ആപ്പിൾ സി ഇ ഒ ടിം കുക്ക്, ഓപ്പൺ എ ഐ സി ഇ ഒ സാം ആൾട്ട്മാൻ, ആൽഫബെറ്റ് സി ഇ ഒ സുന്ദർ പിച്ചെ, ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ചടങ്ങിനെത്തിയത്.
ലോകം ആകാംക്ഷയോടെയാണ് ട്രംപിന്റെ രണ്ടാംവരവിനെ നോക്കിക്കാണുന്നത്. സാമ്പത്തിക, സൈനിക,നയതന്ത്ര മേഖലകളിൽ എന്തും സംഭവിക്കാം എന്നതാണ് സ്ഥിതിവിശേഷം. ചൈന-യു.എസ് ബന്ധം,യുഎസിലെ ടിക്ടോക്കിന്റെ ഭാവി, ഗ്രീൻലാന്റിന്റേയും പനാമ കനാലിന്റേയും അവകാശം, യുക്രൈൻ യുദ്ധത്തിന്റെ ഗതി, സിറിയയിലെ പുതിയ ഭരണകൂടത്തിന്റെ ഭാവി ഇങ്ങനെ നീളുന്നു ട്രംപിന്റെ രണ്ടാം വരവിന്റെ ആകാംക്ഷകളുടെ പട്ടിക.
ജന്മാവകാശ പൗരത്വം നിർത്തുന്നത് മുതൽ എച്ച്- 1 ബി വിസയിലെ പരിഷ്കരണം അടക്കം കുടിയേറ്റ നിയന്ത്രണത്തിനുള്ള പദ്ധതികൾ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. വ്യാപാര ബന്ധത്തിലും സാമ്പത്തിക നയങ്ങളിലും കടുംപിടുത്തക്കാരനാണ് ട്രംപ്. ഇന്ത്യ നികുതി വര്‍ധിപ്പിച്ചാല്‍ ആതേനാണയത്തില്‍ തിരിച്ചടിക്കുമെന്നാണ് ആദ്യമേയുള്ള ഭീഷണി. യു.എസില്‍നിന്നുള്ള ഉല്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ഇന്ത്യക്ക് മേൽ സമ്മര്‍ദമുണ്ടാവും.