NationalTop News

‘ഗോമൂത്രത്തിന് ഔഷധഗുണമുണ്ട്; അമേരിക്കയിൽ ഗവേഷണം നടന്നിട്ടുണ്ട്’; ന്യായീകരിച്ച് മദ്രാസ് ഐഐടി ഡയറക്ടർ

Spread the love

ഗോമൂത്ര വിവാദത്തെ ന്യായീകരിച്ച് മദ്രാസ് ഐഐടി ഡയറക്ടർ വി കാമകൊടി. ഗോമൂത്രത്തിന് ഔഷധഗുണമുണ്ട് അദ്ദേഹം ആവർത്തിച്ചു. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണിതെന്നും അമേരിക്കയിൽ ഗോമൂത്രത്തെ പറ്റി ഗവേഷണം നടന്നിട്ടുണ്ടെന്നും ഐഐടി ഡയറക്ടർ വിശദീകരിക്കുന്നു. ഗോമൂത്രത്തിന് ബാക്ടീരിയയും ഫംഗസിനെയും നശിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു.

വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ താല്പര്യമില്ലെന്നും ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ പ്രസ്താവന എന്നും വി കാമകൊടിയുടെ ന്യായീകരണം. ആമസോണിൽ പോലും ഗോമൂത്രവും ഇത് കലർന്ന വിവിധ ഉൽപ്പന്നങ്ങളും വിൽക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം പോസിറ്റീവ് ആയി ചർച്ച ചെയ്യുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ഐഐടി ഡയറക്ടർ പറയുന്നു. താന്റെ അവകാശവാദങ്ങൾ തെളിയിക്കുന്ന തെളിവുകൾ നൽകാൻ തായാറാണെന്ന് അദ്ദേഹം പറഞ്ഞു.

ഗോമൂത്രം കഴിക്കുന്നത് ആരോ​ഗ്യത്തിന് ഹാനികരമാമെന്ന് തെളിയിക്കുന്ന ഒരു ഗവേഷണവും താൻ കണ്ടിട്ടില്ലെന്ന് വി കാമകൊടി പറഞ്ഞു. ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന് ഐഐടി ഡയറക്ടർ പറഞ്ഞത് വിവാദമായിരുന്നു. ഇതിൽ വിശദീകരണവുമായാണ് ഐഐടി ഡയറക്ടർ വി കാമകൊടി രം​ഗത്തെത്തിയത്. പൊങ്കലിനോടനുബന്ധിച്ച് ചെന്നൈ മാമ്പലത്ത് നടത്തിയ ഒരു ​ഗോപൂജ ചടങ്ങിലായിരുന്നു ​ഗോമൂത്രത്തിന്റെ ഔഷധ​ഗുണത്തെ പ്രശംസിച്ച് ഐഐടി ഡയറക്ടർ പരാമർശം നടത്തിയത്.

ഒരു സന്യാസിയുടെ നിർദേശപ്രകാരമാണ് അച്ഛന് പനി വന്നപ്പോൾ ഗോമൂത്രം കുടിച്ചതെന്നും അതുകഴിഞ്ഞ് ഒരു പതിനഞ്ചുമിനിട്ട് കഴിഞ്ഞപ്പോൾ പനി മാറിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാനും വയറിലെ ദഹനസംബന്ധമായ പ്രശ്നങ്ങളുൾപ്പെടെ മാറ്റാനും ​ഗോമൂത്രത്തിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത് വ്യാപകമായി വിമർശനത്തിന് ഇടയാക്കിയിരുന്നു.