വാളയാര്‍ കേസ്: എംജെ സോജന് സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ചോദ്യം ചെയ്ത അപ്പീല്‍ തള്ളി
വാളയാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എംജെ സോജന് സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനം ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. വസ്തുതകള്‍ പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ വിധിയെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാനില്ലെന്നുമാണ് ഡിവിഷന്‍ ബെഞ്ച് സ്വീകരിച്ച നിലപാട്.
സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും നടപടികളില്‍ വീഴ്ചയില്ലെന്നുമായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി. ഇതിനെതിരെയാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. എംജെ സോജന് ഐപിഎസ് ലഭിക്കാനുള്ള സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാനാവില്ലെന്നായിരുന്നു സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിച്ചത്.
വാളയാറില്‍ സഹോദരങ്ങളായ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എംജെ സോജന്‍. 2017 മനുവരി മൂന്നിനും മാര്‍ച്ച് നാലിനുമാണ് പെണ്‍കുട്ടികളെ മരിച്ച നലിയില്‍ കണ്ടെത്തിയത്. കേസില്‍ മാതാപിതാക്കള്‍ക്കെതിരെ ബലാത്സംഗ പ്രേരണക്കുറ്റം സിബിഐ ചുമത്തി കുറ്റപത്രം നല്‍കിയിട്ടുണ്ട്.