തൃശൂരിൽ 16 വയസുകാരന് ലോക്കപ്പ് മർദ്ദനം; പരാതി നൽകി കുടുംബം
തൃശൂർ വാടാനപ്പള്ളിയിൽ 16 വയസുകാരന് ക്രൂരമായ ലോക്കപ്പ് മർദ്ദനമെന്ന് പരാതി. തളിക്കുളം സ്വദേശിക്കാണ് മർദ്ദനമേറ്റത്. തളിക്കുളത്ത് ഉത്സവത്തിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ ഉണ്ടായതോടെയാണ് 16 വയസുകാരൻ ഉൾപ്പെടെയുള്ളവരെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് സ്റ്റേഷനിൽ എത്തിച്ച് എസ്ഐയും കണ്ടാലറിയാവുന്ന പൊലീസുകാരും അതിക്രൂരമായി മർദ്ദിച്ചു എന്നാണ് കുട്ടിയുടെ പരാതി.
പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് കുട്ടിയെ ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചു. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ സമയത്ത് നെഞ്ചുവേദനയും പുറംവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാടാനപ്പിള്ളി എസ് ഐക്കെതിരെയും കണ്ടാൽ അറിയാവുന്ന മൂന്ന് പൊലീസുകാർക്കെതിരെയും കുടുംബം പരാതി നൽകിയിട്ടുണ്ട്.മർദ്ദനത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.സംഭവത്തിൽ ബാലാവകാശ കമ്മീഷനിൽ അടക്കം പരാതി നൽകാനുള്ള നീക്കത്തിലാണ് കുടുംബം.