ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മഹാ കുംഭമേളയ്‌ക്കിടെ വൻ തീപിടുത്തം
പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കിടെ തീപിടിത്തം. ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് തീപിടുത്തം ഉണ്ടായത്. മഹാകുംഭ് ടെൻ്റ് സിറ്റിയിലെ സെക്ടർ 19 ലാണ് തീപിടുത്തമുണ്ടായത്. പാചക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. 20 മുതൽ 25 വരെ ടെൻ്റുകളാണ് അപകടത്തിൽ കത്തിനശിച്ചത്. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സാഹചര്യം നിയന്ത്രണവിധേയമാണെന്നും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെ തീ അണയ്ക്കാൻ ശ്രമിക്കുകയാണെന്നും ദേശീയ ദുരന്ത നിവാരണ സേനയിലെ (എൻഡിആർഎഫ്) അംഗങ്ങളും സ്ഥലത്തുണ്ട്, അഖാര പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഭാസ്കർ മിശ്ര കൂട്ടിച്ചേർത്തു.