യുഡിഎഫ് പ്രവേശനത്തിനായി കത്ത് നല്കി അന്‍വര്‍; തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കണമെന്നും ആവശ്യം
യുഡിഎഫ് പ്രവേശനം ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നല്കി പി.വി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കണമെന്നാണ് കത്തിലെ ആവശ്യം. കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ക്കും, മുസ്ലിംലീഗ് നേതാക്കള്‍ക്കും പി.വി അന്‍വര്‍ കത്ത് നല്‍കിയിട്ടുണ്ട്.
10 പേജുള്ള കത്താണ് യു.ഡി.എഫ് നേതാക്കള്‍ക്കായി പി.വി അന്‍വര്‍ കൈമാറിയത്. എം.എല്‍.എ സ്ഥാനം രാജിവെച്ചതും, തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ഉണ്ടായ സാഹചര്യവും കത്തില്‍ വിശദീകരിക്കുന്നു. എന്തുകൊണ്ട് തന്നെ യു.ഡി.എഫില്‍ എടുക്കണം എന്നതും കത്തിലെ വിഷയമാണ്. ഏത് സാഹചര്യത്തിലും തൃണമൂല്‍ കോണ്‍ഗ്രസും താനും യുഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് കത്തില്‍ പി.വി അന്‍വര്‍ വിശദീകരിക്കുന്നു.
യു.ഡി.എഫ് ചെയര്മാന് കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ക്കാണ് കത്ത് നല്‍കിയത്. പി.വി അന്‍വറിന്റെ മുന്നണി പ്രവേശനത്തെ ആദ്യം മുതല്‍ എതിര്‍ത്ത ആര്.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന് കത്ത് നല്‍കിയിട്ടില്ല. മലയോര പ്രചരണ ജാഥയ്ക്ക് ശേഷം ആകും ഇനി സമ്പൂര്‍ണ്ണ യു.ഡി.എഫ് യോഗം ചേരുക. അപ്പോള്‍ കത്ത് ചര്‍ച്ചക്കെടുക്കും. ഇന്ന് ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലും ഇത് സംബന്ധിച്ച ചര്‍ച്ചയുണ്ടാവും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായതിനാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടും നിര്‍ണായകം.