NationalTop News

മുംബൈ വളരെ സുരക്ഷിതമായ സ്ഥലം, എന്നിരുന്നാലും ജാഗ്രത വേണം’; സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി സോനു സൂദ്

Spread the love

ബാന്ദ്രയിൽ വ്യാഴ്ചച രാത്രി നടൻ സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ സിനിമാലോകം മോചിതരായിട്ടില്ല. ഏറ്റവുമധികം സെലിബ്രിറ്റികളും വ്യവസായ പ്രമുഖരും കാലങ്ങളായി താമസിച്ചുവരുന്ന മുംബൈയിലെ പ്രധാന മേഖലയിൽ ഒന്നാണ് ബാന്ദ്ര. ഇപ്പോഴിതാ സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ സോനു സൂദ്.

മുംബൈ വളരെ സുരക്ഷിതമായ ഒരു സ്ഥലമാണെന്നാണ് താൻ വിശ്വസിക്കുന്നത് എന്നാൽ ഇത്തരം സംഭവങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നുള്ള ഒരു മുന്നറിയിപ്പായി കാണുകയാണ്.കെട്ടിടങ്ങളിലെ സുരക്ഷാ ഗാർഡുകൾ കൂടുതൽ ശ്രദ്ധയോടുകൂടി ഇരിക്കേണ്ടതാണ്.വളരെ സങ്കടകരമായ കാര്യമാണ് ഇപ്പോൾ നടന്നിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും’ സോനു സൂദ് മാധ്യമങ്ങളോട് പ്രതികരിച്ചു.

നേരത്തെ, കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി സെയ്ഫിൻ്റെ ജീവനക്കാരെ ബാന്ദ്ര പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ബാന്ദ്രയിലെ പതിനൊന്നാം നിലയിലെ ഫ്‌ളാറ്റിലാണ് നടനെ അജ്ഞാതൻ ആക്രമിച്ചത്.

സെയ്ഫിൻ്റെ ഇളയ മകൻ ജഹാംഗീറിൻ്റെ മുറിയിൽ അക്രമി കടക്കാൻ ശ്രമിക്കുന്ന സമയത്താണ് വീട്ടുജോലിക്കാരി ഏലിയാമ്മ ഫിലിപ്പ് പ്രതിയെ കാണുന്നത്. ബഹളം കേട്ട് സെയ്ഫ് അലി ഖാൻ ഓടിയെത്തുകയും സംഘർഷത്തിൽ നടന് കുത്തേൽക്കുകയും ചെയ്തു.

കുത്തേറ്റ സെയ്ഫിനെ ഉടൻ തന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഒരു സംഘം ഡോക്ടർമാരുടെ മേൽനോട്ടത്തിൽ അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഡോക്ടർമാർ പറയുന്നതനുസരിച്ച്, നട്ടെല്ലിൽ കത്തി കുടുങ്ങിയതിനാൽ സെയ്ഫിന് തൊറാസിക് സുഷുമ്നാ നാഡിക്ക് വലിയ ക്ഷതം സംഭവിച്ചിട്ടുണ്ട്. നടൻ്റെ നട്ടെല്ലിൽ നിന്ന് 2.5 ഇഞ്ച് നീളമുള്ള കത്തിയാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. സെയ്ഫ് അപകടനില തരണം ചെയ്തെങ്കിലും ഡോക്ടർമാരുടെ നിരീക്ഷത്തിലാണ് നിലവിൽ അദ്ദേഹം തുടരുന്നത്.

അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ സെയ്ഫിനെ ഡിസ്ചാർജ് ചെയ്യുമെന്ന് ലീലാവതി ആശുപത്രിയിലെ ഡോക്ടർമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.സെയ്ഫിനെ ഇതിനകം ഐസിയുവിൽ നിന്നും പ്രത്യേക മുറിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും സെയ്ഫിനോട് വിശ്രമിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഡോ ഡാങ്കെ പറഞ്ഞു.

പ്രതിയെ പിടികൂടാൻ മുംബൈ പൊലീസ് 20 സംഘങ്ങളെ രൂപീകരിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വെള്ളിയാഴ്ച ഒരാളെ ചോദ്യം ചെയ്തെങ്കിലും സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ ഇയാൾക്ക് പങ്കില്ലെന്ന് പൊലീസ് പിന്നീട് വ്യക്തമാക്കി.