KeralaTop News

മണ്ണാര്‍ക്കാട് നബീസ കൊലപാതക കേസില്‍ പേരക്കുട്ടിയും ഭാര്യയും കുറ്റക്കാർ; ശിക്ഷാവിധി നാളെ

Spread the love

വയോധികയെ ഭക്ഷണത്തില്‍ വിഷംകലര്‍ത്തി കൊലപ്പെടുത്തിയ മണ്ണാര്‍ക്കാട് നബീസ കൊലപാതക കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി.പുണ്യമാസത്തില്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം പദ്ധതിയിട്ടത് നബീസയുടെ പേരക്കുട്ടി ബഷീറും ഭാര്യ ഫസീലയും ചേർന്നാണ്. നോമ്പ് തുറക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് 71കാരിയായ തോട്ടര സ്വദേശിനിയായ നബീസയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

ചീരക്കറിയില്‍ വിഷം കലര്‍ത്തി നല്‍കിയായിരുന്നു ആദ്യശ്രമം. ഇത് പാളിയെന്നുറപ്പായതോടെ രാത്രിയില്‍ ബലമായി വായിലേക്ക് വിഷം ഒഴിച്ചുനല്‍കി മരണം ഉറപ്പിച്ചു. ഒരു ദിവസം മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് തൊട്ടടുത്ത് ദിവസം റോഡിലുപേക്ഷിച്ചു. എഴുത്തും, വായനയും അറിയാത്ത നബീസയുടെ സഞ്ചിയില്‍ നിന്നും കണ്ടെടുത്ത കത്താണ് അന്വേഷണത്തില്‍ വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം റോഡരികില്‍ കണ്ട കാര്യം ബഷീര്‍ തന്നെയായിരുന്നു പൊലീസിനോട് വിളിച്ചു പറഞ്ഞത്.

കേസന്വേഷണത്തിനെന്ന വ്യാജേന പ്രതികളെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ഫസീലയോട് നബീസക്കുണ്ടായിരുന്ന താത്പര്യക്കുറവാണ് കൊലപാതകത്തിലേക്ക് നയിച്ചത്.തൃപ്പുണ്ണിത്തറയില്‍ പര്‍ദ്ദ ധരിച്ചെത്തി മുളകുപൊടി സ്‌പ്രേ ചെയ്ത് പണവും ആഭരണവും കവര്‍ച്ച ചെയ്ത കേസിലും,കല്ലേക്കാട് ബ്ലോക്കോഫീസിനു സമീപത്തെ ഫ്ലാറ്റിൽ നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലുമടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഫസീല.വല്യുമ്മയുടെ താത്പര്യക്കുറവ് പ്രകോപനകാരണമായപ്പോള്‍ കൂട്ടുനിന്നത് സ്വന്തം ഭര്‍ത്താവും. കേസില്‍ 9 വര്‍ഷത്തിന് ശേഷമാണ് കോടതി നാളെ ശിക്ഷാവിധി പ്രസ്ഥാവിക്കാനിരിക്കുന്നത്.

അതേസമയം, ബഷീറിന്റെ രക്ഷിതാക്കളുടെ മരണത്തിലും ഫസീലക്ക് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. മെത്തോമൈന്‍ എന്ന വിഷപദാര്‍ത്ഥം നല്‍കി പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പരാതി ഉയര്‍ന്നിരുന്നത്. പുണ്യമാസത്തിലെ കൊടുംക്രൂരതക്ക് എന്ത് ശിക്ഷയെന്നറിയാന്‍ കാത്തിരിപ്പിലാണ് നസീബയുടെ ബന്ധുക്കള്‍,മറ്റ് ദുരൂഹമരണങ്ങളില്‍ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.