കഞ്ചിക്കോട് ബ്രൂവറി ലൈസൻസ് നൽകാനുള്ള മന്ത്രിസഭാ തീരുമാനം ജനവഞ്ചന, അനുമതി പിന്‍വലിക്കണമെന്ന് വിഎംസുധീരന്‍
തിരുവനന്തപുരം:പിണറായി സര്‍ക്കാര്‍ അധികാരത്തില്‍വന്ന 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അവതരിപ്പിച്ച പ്രകടന പത്രികയില്‍ മദ്യനയം സംബന്ധിച്ച് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിരന്തരമായി ലംഘിച്ചുകൊണ്ടിരിക്കുകണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎംസുധീരന്‍ കുറ്റപ്പെടുത്തി..കഞ്ചിക്കോട് ബ്രൂവറി ലൈസൻസ് നൽകാനുള്ള മന്ത്രിസഭാ തീരുമാനം ജനവഞ്ചനയാണെന്നും , അനുമതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കത്തിന്‍റെ പൂര്‍ണരൂപം ഇങ്ങിനെ…
‘ഇടതുപക്ഷ ജനാധിപത്യമുന്നണി അവതരിപ്പിച്ച പ്രകടന പത്രികയില്‍ മദ്യനയം സംബന്ധിച്ച് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിരന്തരമായി ലംഘിച്ചുകൊണ്ടിരിക്കുകയാമ്..
.മുഖ്യമന്ത്രിയും .മന്ത്രിസഭാംഗങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതാക്കളും മനപ്പൂര്‍വ്വം അവഗണിച്ച ആ തെരഞ്ഞെടുപ്പ് വാഗ്ദാനം വീണ്ടും നിങ്ങളുടെയെല്ലാം ശ്രദ്ധയില്‍പ്പെടുത്തട്ടെ.
”മദ്യം കേരളത്തില്‍ ഗുരുതരമായ ഒരു സാമൂഹ്യവിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക. മദ്യവര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനെക്കാള്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. ഇതിനായി സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ അതിവിപുലമായ ഒരു ജനകീയ ബോധവല്‍ക്കണ പ്രസ്ഥാനത്തിന് രൂപം നല്‍കും. ഡീ.അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. മദ്യവര്‍ജ്ജന സമിതിയുമായുള്ള സഹകരണം ശക്തിപ്പെടുത്തും.
മദ്യംപോലെ സാമൂഹ്യ ഭീഷണിയായി കഞ്ചാവും മയക്കുമരുന്നും വ്യാപകമാവുകയാണ്. ഇതിനെതിരെ അതി കര്‍ശനമായ നടപടികള്‍ സ്വീകരിക്കും”. ഇപ്രകാരം ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് കഞ്ചിക്കോട് മദ്യ ഉല്‍പാദനത്തിന് ഒയാസീസ് എന്ന കമ്പനിക്ക് ലൈസന്‍സ് നല്‍കാനുള്ള മന്ത്രിസഭാ തീരുമാനത്തിലൂടെ ലംഘിച്ചിട്ടുള്ളത്. ഇത് നഗ്നമായ മഹാജനവഞ്ചനയാണ്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തെക്കാള്‍ മദ്യലോബിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അതീവ പ്രാധാന്യം നല്‍കിക്കൊണ്ട് തുടര്‍ച്ചയായി മദ്യശാലകള്‍ അനുവദിച്ചുകൊണ്ടിരിക്കുന്ന വഞ്ചനാപരമായ സര്‍ക്കാര്‍ നടപടികളുടെ തുടര്‍ച്ചയാണിത്.
ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ഇതുപോലുള്ള നടപടികളിലൂടെ നാടിനെ സര്‍വ്വനാശത്തിലേയ്ക്കാണ് നയിക്കുന്നത്.
ഇടതുമുന്നണി അധികാരത്തില്‍ വരുന്നതിനുമുമ്പ് കേവലം 29 ബാറുകള്‍ മാത്രം ഉണ്ടായിരുന്നത് ഇപ്പോള്‍ ആയിരത്തില്‍ കവിഞ്ഞിരിക്കുന്നു. മറ്റുതലങ്ങളിലുള്ള മദ്യശാലകള്‍ക്ക് പുറമെയാണിത്. ബാറുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും സര്‍ക്കാരിന്റെ ഔദ്യോഗിക തലത്തില്‍ വ്യക്തമാക്കപ്പെടുന്നതില്ല.
ഇതിനെല്ലാം പുറമെ സര്‍വ്വ മേഖലകളിലേയ്ക്കും മദ്യവ്യാപനം ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുകയാണ്. അതോടൊപ്പംതന്നെ മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെ വ്യാപനം തടയുന്നതിലും സര്‍ക്കാര്‍ ദയനീയ പരാജയപ്പെട്ടിരിക്കുകയാണ്.
പാവനമായി കരുതേണ്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ ഇപ്രകാരം തീര്‍ത്തും അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന പിണറായി സര്‍ക്കാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ ജനവഞ്ചക ഭരണകൂടമായിരിക്കും.
ജനങ്ങളോട് തെല്ലെങ്കിലും പ്രതിബന്ധത ഈ സര്‍ക്കാരില്‍ അവശേഷിച്ചിട്ടുണ്ടെങ്കില്‍ ഇനിയെങ്കിലും വിനാശകരമായ ഈ മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം തന്നെ സമൂഹത്തെയും തലമുറകളെയും സര്‍വ്വ നാശത്തിലേയ്ക്കു നയിക്കുന്ന മദ്യത്തിന്റെയും മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെയും ആപല്‍ക്കരമായ വ്യാപനം അവസാനിപ്പിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും താല്‍പര്യപ്പെടുന്നു’