KeralaTop News

ക്ഷേത്രങ്ങളിലെ മേല്‍വസ്ത്ര നിബന്ധന അവസാനിപ്പിക്കണം’; ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് യാത്രയുമായി ശിവഗിരി മഠം

Spread the love

ക്ഷേത്ര ദര്‍ശനത്തിന് പുരുഷന്മാര്‍ മേല്‍വസ്ത്രം മാറ്റണമെന്ന ആചാരം നിര്‍ത്തലാക്കണമെന്ന നിലപാട് കടുപ്പിച്ച് വര്‍ക്കല ശിവഗിരി മഠം. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന് കീഴിലുള്ള ഗുരുധര്‍മ്മപ്രചരണ സഭയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് ആചാര പരിഷ്‌കരണ യാത്ര സംഘടിപ്പിക്കും.

ക്ഷേത്രങ്ങളില്‍ മേല്‍ വസ്ത്രം അഴിപ്പിക്കുന്നത് നിര്‍ത്തലാക്കുക, ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ശാന്തി നിയമനത്തിലെ ജാതിവിവേചനം അവസാനിപ്പിക്കുക, ഗുരുദേവ കൃതികള്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആചാര പരിഷ്‌കരണ യാത്ര സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ശ്രീനാരായണ ഗുരു പാര്‍ക്കില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്കാണ് യാത്ര. ശിവഗിരി മഠത്തിലെ സന്യാസിമാര്‍ നേതൃത്വം നല്‍കും.

മേല്‍ വസ്ത്രം അഴിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്ന നിബന്ധന അനാചാരമാണെന്നും ഇതില്‍ കാലോചിതമായ മാറ്റം വേണമെന്നും 92-ാമത് ശിവഗിരി തീര്‍ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനിടെ സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണക്കുകകൂടി ചെയ്തതോടെ വിഷയം വലിയ വിവാദമായി. ഇതിന് പിന്നാലെയാണ് ആചാര പരിഷ്‌കരണ യാത്രയുമായി ശിവഗിരി മഠം രംഗത്തെത്തിയിരിക്കുന്നത്.