അല്ലെങ്കില്‍ മതംമാറിയ ആദിവാസികള്‍ ദേശവിരുദ്ധര്‍ ആയേനെ’; ‘ഘര്‍ വാപസി’യില്‍ പ്രണബ് മുഖര്‍ജിയെ കൂട്ടുപിടിച്ച് മോഹന്‍ ഭാഗവത്
മതം മാറിയവരെ ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ഘര്‍ വാപസി ശ്രമങ്ങളെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പിന്തുണച്ചിരുന്നതായി ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്. കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നടന്ന ചടങ്ങിലാണ് പ്രസ്താവന. ആദിവാസികളെ തിരികെ കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ അവര്‍ ദേശവിരുദ്ധരാകുമായിരുന്നു എന്ന് പ്രണബ് മുഖര്‍ജി തന്നോട് പറഞ്ഞതായി മോഹന്‍ ഭാഗവത് അവകാശപ്പെട്ടു.
പ്രസംഗത്തില്‍ നിന്ന്:
‘ഘര്‍ വാപസിയെ ചൊല്ലി പാര്‍ലമെന്‌റില്‍ വലിയ ബഹളം നടക്കുന്ന കാലത്ത് ഡോ. പ്രണബ് മുഖര്‍ജിയെ കാണാന്‍ എനിക്ക് അവസരം ലഭിച്ചു.
നിങ്ങള്‍ അത് ചെയ്തതുകൊണ്ട് 30 ശതമാനം ആദിവാസികള്‍…. അദ്ദേഹം പറഞ്ഞു.
ഞാന്‍ ചോദിച്ചു, ക്രിസ്ത്യാനികള്‍ ആയില്ല എന്നാണോ എന്ന്.
അല്ല, ദേശവിരുദ്ധര്‍ ആയില്ല എന്നാണ് പ്രണബ് മുഖര്‍ജി അതിന് മറുപടി നല്‍കിയത്.’
സ്വന്തം ഇഷ്ടപ്രകാരമുള്ള മതംമാറ്റത്തിന് എതിരല്ലെന്നും എന്നാല്‍ നിര്‍ബന്ധിച്ചുള്ള മതം മാറ്റത്തിന് പിന്നില്‍ സ്വാര്‍ഥ താത്പര്യങ്ങള്‍ ഉണ്ടെന്നും അതിനെ എതിര്‍ക്കുമെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.
നേരത്തെയും പ്രണബ് മുഖര്‍ജിയെ ഉദ്ധരിച്ചുകൊണ്ട് മോഹന്‍ ഭാഗവത് പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. പ്രണബ് മുഖര്‍ജി അന്തരിച്ചപ്പോള്‍ വഴികാട്ടിയെ നഷ്ടമായെന്നായിരുന്നു മോഹന്‍ ഭാഗവതിന്‌റെ പ്രതികരണം. 2018-ല്‍ നാഗ്പൂരില്‍ ആര്‍എസ്എസിന്‌റെ വിജയ ദശമി ആഘോഷത്തില്‍ മുഖ്യാതിഥിയായി പ്രണബ് മുഖര്‍ജി പങ്കെടുത്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു.
ഡോ. മന്‍മോഹന്‍ സിങ്ങിന് സ്മാരകം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ബിജെപി മറുപടി നല്‍കിയതും പ്രണബ് മുഖര്‍ജിയുടെ കാര്യം ചൂണ്ടിക്കാട്ടിയാണ്. പ്രണബ് മുഖര്‍ജിക്ക് സ്മാരകം നിര്‍മിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിക്കുകയും ചെയ്തു. കുടുംബം ആവശ്യപ്പെടാതെ തന്നെ സ്മാരകം നിര്‍മിക്കാനുള്ള സര്‍ക്കാരിന്‌റെ തീരുമാനം ഏറെ സന്തോഷമുണ്ടാക്കുന്നതെന്നാണ് പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി പ്രതികരിച്ചത്. രാജ്യത്തിന്‌റെ ആദരം ചോദിച്ച് വാങ്ങാനുള്ളതല്ലെന്ന് കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.