കറുത്ത നിറമായതിനാൽ വെയിൽ കൊള്ളരുതെന്ന പരിഹാസം; ഭർതൃഗൃഹത്തിൽ ഷഹാന നേരിട്ടത് കടുത്ത മാനസിക പീഡനം
കൊണ്ടോട്ടിയിൽ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭർതൃഗൃഹത്തിൽ നിന്ന് നേരിട്ടത് കടുത്ത മാനസിക പീഡനം. നിറത്തിന്‍റെ പേരിൽ ഭർത്താവ് അബ്ദുൽ വാഹിദിൽ നിന്ന് ഷഹാന നിരന്തരം അവഹേളനം നേരിട്ടിരുന്നു. ഇംഗ്ലീഷ് പറയാൻ അറിയില്ലെന്നും ഒഴിഞ്ഞുപോയ്ക്കൂടെയെന്നും ഷഹനായോട് ഭർത്താവ് പറഞ്ഞിരുന്നു. ഇതാണ് മകളുടെ മരണത്തിന് കാരണമെന്ന് കുടുംബം പറയുന്നു.
2024 മെയ് 27 നായിരുന്നു അബ്ദുൽ വാഹിദും ഷഹാനയും തമ്മിലുള്ള വിവാഹം നടന്നത്. പിന്നീട് 27 ദിവസമാണ് ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത്. വിദേശത്തേക്ക് പോയ അബ്ദുൽ വാഹിദ് ഫോണിലൂടെ നിരന്തരമായി ഷഹാനയെ അധിക്ഷേപിച്ചിരുന്നു. കറുത്ത നിറമായതിനാൽ വെയിൽ കൊള്ളരുതെന്ന് പോലും പരിഹസിച്ചിരുന്നു. കൊണ്ടോട്ടി ഗവ കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ഷഹാന.
അതേസമയം, വാഹിദിന്റെ വീട്ടുകാർ നേരിട്ട് വന്നു കണ്ടിട്ടാണ് വിവാഹം ഉറപ്പിച്ചതെന്നും ഡ്രസ്സ് എടുക്കാൻ വരെ ഒരുമിച്ചാണ് എത്തിയിരുന്നതെന്നും, വിവാഹ ബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെ പെൺകുട്ടി വളരെ മാനസിക പ്രയാസത്തിലായിരുന്നു. വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക ഷഹാന കുടുംബത്തോട് പങ്കുവെച്ചിരുന്നുവെന്നും ബന്ധു വ്യക്തമാക്കി.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ഷഹാന മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഷഹാനയുടെ കുടുംബം പൊലീസിൽ പരാതി നൽകി.കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഷഹാനയുടെ മൃതദേഹം ഖബറടക്കി.