KeralaTop News

‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

Spread the love

നടി ഹണി റോസിൻ്റെ പരാതിയിൽ ജാമ്യം കിട്ടിയിട്ടും ഇന്നലെ പുറത്തിറങ്ങാതെയിരുന്ന ബോബി ചെമ്മണ്ണൂരിനെ വിമർശിച്ച് ഹൈക്കോടതി. ഇന്നലെ എന്താണ് സംഭവിച്ചതെന്ന് കോടതി ജില്ലാ ജഡ്ജിയോട് ചോദിച്ചു. നാടകം കളിക്കരുതെന്നും വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാൻ പോലും ഉത്തരവിടാൻ കഴിയുമെന്നും കോടതി പറഞ്ഞു. ഹാജരായ മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണ് ചെയ്തതെന്നും കോടതി കുറ്റപ്പെടുത്തി.

അതേസമയം നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജാമ്യം ലഭിച്ചിട്ടും ഇന്നലെ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ബോബി ചെമ്മണ്ണൂർ വിസമ്മതിച്ചിരുന്നു. മറ്റ് തടവുകാരെ സഹായിക്കുന്നതിനായാണ് ഇന്നലെ പുററത്തിറങ്ങാതിരുന്നതെന്ന് ബോബി പ്രതികരിച്ചു.

ചെറിയ കേസുകളിൽ ജാമ്യം കിട്ടിയിട്ടും പണം ഇല്ലാതെ ജയിലിൽ തുടരുന്ന ആളുകൾ ഉണ്ട് അവർക്ക് വേണ്ടിയാണ് ജയിലിൽ തുടർന്നതെന്ന് ബോബി പറയുന്നു. കോടതിയലക്ഷ്യം അല്ലായെന്നും ഉത്തരവ് ഹാജരാക്കാൻ വൈകിയതാണെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു. ഹൈക്കോടതി കേസ് വീണ്ടും പരി​ഗണിക്കാനിരിക്കെയാണ് ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായത്. ഇന്നലെയുണ്ടായ വികാസങ്ങളിൽ ആണ് കേസ് പരിഗണിക്കുന്നത്.

സാധാരണ ഉപാധികളുടെയാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യ മെമ്മോ ജയിലിൽ ഹാജരാക്കരുതെന്ന് ബോബി അഭിഭാഷകരോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബോബിയുടെ നിലപാട് ജയിൽ ചട്ടങ്ങൾക്കും കോടതി നടപടികൾക്കും വിരുദ്ധമാണ്. സ്വമേധയ കേസെടുത്ത കോടതി പ്രതിഭാ​ഗം അഭിഭാഷകരോട് എത്താൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.