ജയിലില്‍ നാടകീയ രംഗങ്ങള്‍; പുറത്തിറങ്ങാന്‍ തയാറാകാതെ ബോബി ചെമ്മണ്ണൂര്‍; ബോണ്ടില്‍ ഒപ്പുവെക്കില്ലെന്ന് ബോബി
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയില്‍മോചിതനാകില്ല. ജാമ്യ ഉത്തരവ് ജയിലില്‍ കൊണ്ടുവരേണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകനെ അറിയിച്ചു. ഇന്ന് ജാമ്യ അപേക്ഷയുമായി എത്തിയാലും ബോണ്ടില്‍ ഒപ്പുവെക്കില്ല എന്നും അഭിഭാഷകനെ അറിയിച്ചു. ഇതോടെയാണ് അഭിഭാഷകര്‍ ജയിലിനു മുന്നില്‍ എത്തിയിട്ടും ജാമ്യ അപേക്ഷയുമായി ജയിലില്‍ കയറാതെയിരുന്നത്.
ജയിനുള്ളില്‍ ജാമ്യം ലഭിക്കാതെ സാങ്കേതിക കാരണങ്ങളാല്‍ തുടരുന്ന ആളുകള്‍ക്ക് ജാമ്യം ലഭിക്കുന്നത് വരെ തന്റെ പോരാട്ടം തുടരുമെന്ന് ബോബി അഭിഭാഷകരെ അറിയിച്ചുവെന്നാണ് വിവരം. അവര്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കിയ ശേഷമേ താന്‍ പുറത്തിറങ്ങു എന്നും വ്യക്തമാക്കുന്നു. നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് ബോബിയുള്ളത്.
സ്വാഭാവിക ഉപാധികളോടെയാണ് ജാമ്യമാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി അനുവദിച്ചത്. 50000 രൂപയും രണ്ട് ആള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം. ഒപ്പം അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണമായും സഹകരിക്കണം, ഏത് ഘട്ടത്തിലും അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ ഹാജരാകണം തുടങ്ങിയ നിര്‍ദേശങ്ങളും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. തെറ്റ് ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദ് ചെയ്യും.
പ്രഥമദൃഷ്ടിയാല്‍ ബോബി ചെമ്മണ്ണൂര്‍ ചെയ്ത കുറ്റം നിലനില്‍ക്കും എന്ന് ഉത്തരവില്‍ പറയുന്നു. ബോഡി ഷെയ്മിങ് സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ലെന്ന പരാമര്‍ശവും കോടതി നടത്തി. സ്ത്രീയെ വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നവര്‍ സ്വയം വിലയിരുത്തണമെന്നും കോടതി വ്യക്തമാക്കി. വ്യക്തിയുടെ ശരീരത്തെ കുറിച്ചുള്ള പ്രസ്താവനകള്‍ ഒഴിവാക്കണം. ഒരു സ്ത്രീയുടെ രൂപം കണ്ടാണ് നിങ്ങള്‍ അവളെ വിലയിരുത്തുന്നതെങ്കില്‍, നിങ്ങള്‍ക്ക് തെറ്റി, അത് നിങ്ങളെ തന്നെയാണ് വിലയിരുത്തുന്നതെന്നും ഉത്തരവില്‍ പറയുന്നു. വ്യത്യസ്തമായ ശരീരപ്രകൃതി ഉള്ളവരാണ് മനുഷ്യര്‍. ചിലര്‍ തടിച്ചവരാകാം ചിലര്‍ മെലിഞ്ഞവരാകാം. എന്നാല്‍ അതിന്റെ പേരില്‍ ബോഡി ഷെയ്മിംഗ് നടത്തുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.