Top NewsWorld

ഹമാസിന്റെ ലൈംഗികാതിക്രമങ്ങളിൽ യു എന്‍ അന്വേഷണം തടഞ്ഞ് ഇസ്രയേൽ

Spread the love

2023 ഒക്ടോബർ ഏഴിലെ മിന്നലാക്രമണത്തിനിടെ ഹമാസ് പ്രവർത്തകർ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഐക്യരാഷ്ട്ര സംഘടനയുടെ അന്വേഷണത്തിന് തടയിട്ട് ഇസ്രയേൽ. സംഘർഷങ്ങൾക്കിടയിലെ ലൈംഗികാതിക്രമം തടയാനുള്ള യുഎൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി പ്രമീള പാറ്റന്റെ ആവശ്യങ്ങൾ ഇസ്രയേൽ നിരാകരിച്ചു. ഹമാസിന് എതിരായ പരാതികൾക്കൊപ്പം സ്വന്തം പട്ടാളത്തിന് എതിരായ ആരോപണങ്ങളും അന്വേഷിക്കേണ്ടി വരുമെന്നതാണ് ഇസ്രയേലിനെ പിന്നോട്ട് വലിക്കുന്നത്.

ഹമാസിനെതിരായ പരാതികളിൽ അന്വേഷണത്തിന് സഹായം ആവശ്യപ്പെട്ട് പ്രമീള പാറ്റൻ ഇസ്രയേലിനെ സമീപിച്ചിരുന്നു. എന്നാൽ ഇതോടൊപ്പം ഇസ്രയേൽ തടവറകളിലെ ലൈംഗിക ചൂഷണത്തെക്കുറിച്ചും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യം ഇസ്രയേൽ അംഗീകരിച്ചില്ല. സംഘർഷങ്ങൾക്കിടെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങൾ തടയാനുള്ള ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന പ്രമീള പാറ്റന്റെ ആവശ്യത്തോടും ഇസ്രയേൽ മുഖം തിരിച്ചിരിക്കുകയാണ്.

കഴിഞ്ഞ വർഷം ഇസ്രയേലിൽ സന്ദർശനം നടത്തിയ പ്രമീള പാറ്റൻ ഹമാസിന് എതിരായ ആരോപണങ്ങൾ ശരിവെച്ചുകൊണ്ട് റിപ്പോർട്ട് നൽകിയിരുന്നു. പ്രമീളയുടെ കണ്ടെത്തലുകൾ കൂടി ചേർത്താണ് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് ഐക്യരാഷ്ട്ര രക്ഷാ സമിതിക്ക് വാർഷിക റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ലൈംഗികാതിക്രമത്തിന്റെ പേരിൽ ഹമാസിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാൻ റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടില്ല. വിശദമായ അന്വേഷണം നടത്തിയാൽ ഹമാസിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാൻ നടപടിയുണ്ടാകുമെന്നിരിക്കെയാണ്, ഇസ്രയേൽ ഒളിച്ചുകളി നടത്തുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ അന്വേഷണത്തോട് നിസഹരിക്കുന്നതിന്റെ പേരിൽ ഇസ്രയേൽ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടാനും സാധ്യതയുണ്ട്.
ഹമാസിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലിലെ വനിതാ സംഘടനകൾ പ്രമീള പാറ്റന് കത്ത് നൽകിയുന്നു. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പല സംഘടനകൾക്കും പങ്കുണ്ടെന്നും ഏതെങ്കിലും ഒരു സംഘടനക്ക് എതിരെ മാത്രമായി നടപടി എടുക്കാനാകില്ലെന്നുമായിരുന്നു മറുപടി. ഇക്കാര്യത്തിൽ വ്യക്തതക്കുവേണ്ടിയാണ് വിശദമായ അന്വേഷണത്തിന് അനുമതി തേടിയത്. ഇസ്രയേലിന്റെ നിസഹരണത്തിൽ വനിതാ സംഘടനകൾ എതിർപ്പ് അറിയിച്ചു. പ്രമീള പാറ്റന്റെ സന്ദർശനത്തിന് സാധ്യത പരിശോധിച്ചുവരികയാണെന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.