KeralaTop News

സതീശനെതിരെ ആരോപണം ഉന്നയിക്കാൻ ആവശ്യപ്പെട്ടെന്ന പരാമർശം പച്ചക്കള്ളം’; പി വി അൻവറിന് വീണ്ടും പി ശശിയുടെ വക്കീസ്

Spread the love

കണ്ണൂര്‍: പി വി അൻവറിന് വീണ്ടും പി ശശിയുടെ വക്കീൽ നോട്ടീസ്. വി ഡി സതീശനെതിരായ അഴിമതി ആരോപണം ഉന്നയിക്കാൻ ആവശ്യപ്പെട്ടത് ശശിയാണെന്ന പരാമർശത്തിലാണ് നടപടി. പി വി അൻവറിന്‍റെ ആരോപണം അടിസ്ഥാനരഹിതമെന്നും പിൻവലിക്കണമെന്നും പി ശശിയുടെ വക്കീൽ നോട്ടീസ് പറയുന്നു. ശശി അൻവറിന് അയക്കുന്ന നാലാമത്തെ വക്കീൽ നോട്ടീസാണിത്. പി ശശിയുടെ പരാതിയില്‍ മൂന്ന് കേസുകൾ നിലവിൽ അൻവറിനെതിരെ കണ്ണൂരിലെ കോടതികളിലുണ്ട്.

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഉന്നയിച്ച ആരോപണം പി ശശി പറഞ്ഞിട്ടെന്ന് പറഞ്ഞ് യുഡിഎഫിന്റെ ഗുഡ് ബുക്കിൽ ഇടം നേടുന്നതിനൊപ്പം സിപിഎമ്മിനകത്ത് സംശയത്തിന്‍റെ ഒരു വലിയ തിരി നീട്ടി എറിഞ്ഞുകൊണ്ടായിരുന്നു പിവി അൻവര്‍ ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയത്. ഇടതുമുന്നണിയുമായി തെറ്റിപ്പിരിഞ്ഞ ശേഷം മുഖ്യമന്ത്രിക്കും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് പിവി അൻവര്‍ ഉന്നയിച്ചിരുന്നത്. അതെല്ലാം സിപിഎം നേതാക്കൾ തന്നെ പറഞ്ഞിട്ടാണെന്നാണ് അൻവര്‍ ഇന്നലെ പറഞ്ഞത്. ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകിയവര്‍ പിന്നീട് ഫോണെടുത്തില്ലെന്നും പേര് ഇപ്പോൾ പറയുന്നില്ലെന്നുമായിരുന്നു അൻവറിന്‍റെ ഭീഷണി. അതേസമയം, പ്രതിപക്ഷ നേതാവിനെതിരെ ആരോപണം എഴുതിക്കൊടുത്തു എന്നതടക്കം പിവി അൻവര്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും പി ശശി വ്യക്തമാക്കി.