ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും
നടി ഹണി റോസ് നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർക്കാൻ പൊലീസ് നീക്കം.ഹണി റോസ് നൽകിയ രഹസ്യമൊഴി പരിശോധിച്ചശേഷമാണ് ബിഎൻഎസ് 509 വകുപ്പ് ഉൾപ്പെടുത്താൻ നീക്കം ആരംഭിച്ചത്. പുറകെ നടന്ന് ശല്യപ്പെടുത്തിയെന്ന വകുപ്പാണ് ബോബി ചെമ്മണ്ണൂരിനെതിരെ പുതുതായി കൂട്ടിച്ചേർക്കുക.
നടിയുടെ പരാതിയിൽ റിമാൻഡ് തടവുകാരനായി ജില്ലാ ജയിലിൽ കഴിയുകയാണ് ബോബി ചെമ്മണ്ണൂർ. എഫ്ഐആറിൽ പുതിയ വകുപ്പ് ഉൾപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് നൽകാനും പൊലീസ് തയ്യാറെടുപ്പ് ആരംഭിച്ചിട്ടുണ്ട്. നാളെ ഹൈക്കോടതി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുകയാണ് പ്രതിക്കെതിരെ പുതിയ വകുപ്പ് ചുമത്തുന്നത്.
അതേസമയം, നടി ഹണി റോസ് നൽകിയ രണ്ടാമത്തെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും മുൻകൂർ ജാമ്യാപേക്ഷയുമായി രാഹുൽ ഈശ്വർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതുകൂടി കോടതി ഇന്ന് പരിഗണിച്ചേക്കും .രാഹുൽ ഈശ്വറിനെതിരെ കേസെടുക്കുന്നതിന്റെ നിയമസാധ്യത പരിശോധിക്കുമെന്ന് പൊലീസ് തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ഒഴിവാക്കാൻ രാഹുൽ കോടതിയെ സമീപിച്ചത്.