Top NewsWorld

അതിർത്തിയിൽ ഇന്ത്യ വേലി കെട്ടുന്നെന്ന് ആരോപണം: ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി ബംഗ്ലാദേശ്

Spread the love

ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിലെ സംഘർഷ സമാനമായ സാഹചര്യം ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ ഹൈ കമ്മീഷണർ പ്രണയ് വർമ്മയെ ബംഗ്ലാദേശിലെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ഉഭയകക്ഷി കരാറിന് വിരുദ്ധമായി ഇന്ത്യ അതിർത്തിയിൽ അഞ്ചിടത്ത് വേലി കെട്ടുന്നതായി ബംഗ്ലാദേശ് സർക്കാർ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഉൾപ്പെട്ട സംഘം ബംഗ്ലാദേശിലെ വിദേശകാര്യ മന്ത്രാലയത്തിൽ എത്തുകയും മുഹമ്മദ് ജാസിം ഉദിനുമായി വിഷയം ചർച്ച ചെയ്യുകയും ചെയ്തു.

വിഷയത്തിൽ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇതുവരെ ഔദ്യോഗികമായ വാർത്താക്കുറിപ്പ് പുറത്തിറക്കിയില്ലെങ്കിലും ഇന്ത്യൻ നയതന്ത്ര സംഘത്തെ വിളിച്ചുവരുത്തി എന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ അതിർത്തി മേഖലയാണ് ഇന്ത്യ ബംഗ്ലാദേശ് അതിർത്തി. ബംഗ്ലാദേശിലെ ഷെയ്ക്ക് ഹസീന സർക്കാർ അധികാരത്തിൽ നിന്ന് പുറന്തള്ളപ്പെട്ട ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ അന്തരീക്ഷം അലങ്കോലപ്പെട്ടിരുന്നു.

ബംഗ്ലാദേശിലെ മതന്യൂനപക്ഷമായ ഹിന്ദുക്കൾ നിരന്തരം ആക്രമിക്കപ്പെട്ടതും ഹിന്ദു സന്യാസികളെ തുറങ്കിലടച്ചതും നയതന്ത്ര തലത്തിലും ചർച്ചയായിരുന്നു. ഇന്ത്യയിൽ ഇത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ബംഗ്ലാദേശിൽ നിന്ന് ജനം അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത് ഇന്ത്യൻ സർക്കാരിന് വലിയ തലവേദനയായി മാറിയിരുന്നു. മേഖലയിലെ സുരക്ഷാപ്രശ്നവും അഭയാർത്ഥി കുടിയേറ്റവും വെല്ലുവിളിയായി ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഹൈ കമ്മിഷണറെ ബംഗ്ലാദേശ് വിളിച്ചുവരുത്തിയ നടപടി ഗൗരവത്തോടെയാണ് ഇന്ത്യയും കാണുന്നത്.