ഫിഷറീസ് നിയമനം: ചോദ്യം ചോർന്നത് ചോദ്യം തയ്യാറാക്കുന്നവരിൽ നിന്ന്; ഫിഷറീസ് വകുപ്പ് മേധാവിയുടെ റിപ്പോർട്ട്
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യങ്ങൾ ചോർത്തി നൽകിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് ഫിഷറീസ് വകുപ്പ് മേധാവിയുടെ റിപ്പോർട്ട്. ചോദ്യം തയ്യാറാക്കുന്നവരിൽ നിന്ന് തന്നെ ചോദ്യം ചോർന്നുവെന്ന സൂചന നൽകുന്നതാണ് റിപ്പോർട്ട്.
പരാതിയിൽ കഴമ്പുള്ള പശ്ചാത്തലത്തിൽ ഫിഷറീസ് വകുപ്പിന് പുറത്തുള്ള സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഡയറക്ടറുടെ ശുപാർശയുണ്ട് റിപ്പോർട്ടിൽ. നിജസ്ഥിതി മനസ്സിലാക്കാനാണ് സ്വതന്ത്ര അന്വേഷണം ശുപാർശ ചെയ്തിരിക്കുന്നത്. ചോദ്യങ്ങൾ ചോർന്നതിൽ ആശങ്ക പ്രകടിപ്പിക്കുന്നതാണ് റിപ്പോർട്ടിൽ പറയുന്നു. ചോദ്യം തയ്യാറാക്കാൻ കുഫോസിനെ മാത്രം പരിമിതപ്പെടുത്തിയെന്നും റിപ്പോർട്ടിൽ സ്ഥിരീകരണം.
ചോദ്യപേപ്പർ ചോർത്തിയെന്ന് കാട്ടി നവകേരള സദസ്സിൽ നൽകിയ പരാതികൾ അതീവ ഗുരുതരമെന്നും റിപ്പോർട്ടിൽ പരാമർശം. സ്വതന്ത്ര അന്വേഷണം വേണമെന്ന് ശുപാർശ സമർപ്പിച്ച് എട്ടുമാസം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ തുടർ നടപടി സ്വീകരിച്ചിട്ടില്ല. ഫിഷറീസ് വകുപ്പിന് കീഴിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേക്ക് നടന്ന നിയമനങ്ങളിലെ ചോദ്യപേപ്പർ ചോർത്തിയെന്നാണ് പരാതി. നവ കേരള സദസിൽ മുഖ്യമന്ത്രിക്ക് ലഭിച്ച കൂട്ട പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതും ഞെട്ടിക്കുന്ന വിവരങ്ങൾ.
2020 ലെ നോട്ടിഫിക്കേഷൻ പ്രകാരം 3,690 പേർ പരീക്ഷയെഴുതി. 28/11/2022 റാങ്ക് ലിസ്റ്റ് നിലവിൽ വന്നു. 25.01.23 നടന്ന 38 നിയമനങ്ങളിൽ 35 പേരും കുഫോസിലെ വിദ്യാർത്ഥികളെന്ന് തെളിയിക്കുന്ന നിർണായക തെളിവുകൾ ലഭിച്ചു. നിയമനം നേടിയ ഭൂരിഭാഗം പേരും പിഎസ്സി പരീക്ഷ എഴുതുന്നതും ആദ്യമായി. ഫിഷറീസ് വകുപ്പിൽ 12 വർഷം സർവീസുള്ളവരും യോഗ്യതയുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പരീക്ഷ എഴുതിയിട്ടും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് കുഫോസിലെ വിദ്യാർത്ഥികൾ. BSC സുവോളജി മാനദണ്ഡമായിരുന്ന തസ്തികയിലേക്ക് ബി എഫ് സി ഇ വിദ്യാർത്ഥികളും ഉൾപ്പെടുത്തിയത് ചുരുങ്ങിയ കാലം മുമ്പ്. സിലബസിൽ ഉൾപ്പെടെ മേൽ കൈയില്ലാതിരുന്നിട്ടും റാങ്ക് ലിസ്റ്റിൽ കുഫോസിലെ വിദ്യാർത്ഥികൾ കൂട്ടത്തോടെ ഇടം പിടിക്കുകായായിരുന്നു.