മെസി കേരളത്തിൽ വരുന്നതിൽ ആശയക്കുഴപ്പം’; പിന്നീട് പറയാമെന്ന് കായികമന്ത്രി
ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിൽ വരുന്നതിൽ ആശയക്കുഴപ്പം. മെസി കേരളത്തിലേക്ക് വരുന്ന വിഷയം പിന്നീട് പറയാമെന്ന് കായിക മാന്തി വി അബ്ദുറഹ്മാൻ അറിയിച്ചു. മത്സരവേദിയായി കൊച്ചിക്ക് ആണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. മലപ്പുറത്തെ പയ്യനാട് സ്റ്റേഡിയം മത്സരത്തിന് പരിഗണിച്ചിരുന്നെങ്കിലും കൂടുതൽ ആൾക്കാരെ ഉൾക്കൊള്ളാൻ സാധിക്കാത്തതിനാൽ പദ്ധതി ഉപേക്ഷിച്ചു.
എന്നാൽ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ചിന്റെ മോശം അവസ്ഥയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആശങ്ക അറിയിച്ചിരുന്നു. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഐഎസ്എല്‍ മത്സരത്തിന്റെ മുന്നോടിയായി നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് അധികൃതര്‍ ആശങ്ക വ്യക്തമാക്കിയിരിക്കുന്നത്. അടുത്തിടെ ഒരു കായിക ഇതര പരിപാടി ഇവിടെ സംഘടിപ്പിക്കപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്നാണ് ഗ്രൗണ്ടിലെ പിച്ചിന്റെ നില മോശമായിരിക്കുന്നത്. കായിക മത്സരങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ള ഗ്രൗണ്ടില്‍ കായിക ഇതര പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ പിച്ച് പൂര്‍ണമായും നശിക്കുന്ന അവസ്ഥയാണുണ്ടാകുന്നതെന്ന് ബ്ലാസ്റ്റേഴ്സ് ചൂണ്ടിക്കാട്ടിയിരിക്കുന്നു.
ഈ വർഷം ഒക്ടോബർ 25 മുതൽ നവംബർ രണ്ടുവരെ മെസി കേരളത്തിൽ ഉണ്ടാകുമെന്നാണ് കായികമന്ത്രി വി അബ്ദുറഹിമാൻ ഇന്നലെ അറിയിച്ചത്. സൗഹൃദ മത്സരങ്ങൾ കൂടാതെ, ആരാധകർക്ക് കാണാൻ വേദി ഒരുക്കുന്നതടക്കം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏഴ് ദിവസമാണ് മെസി കേരളത്തിൽ തുടരുക. ആരാധകർക്കായി മെസി 20 മിനിറ്റ് പൊതുവേദിയിൽ എത്തുമെന്നാണ് മന്ത്രി അറിയിക്കുന്നത്. മെസി ഉൾപ്പെടെയുള്ള അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ എത്തുമെന്ന് മന്ത്രി അബ്ദുറഹിമാൻ നവംബറിൽ സ്ഥിരീകരിച്ചിരുന്നു.
സൗഹൃദ മത്സരങ്ങൾക്ക് മുന്നോടിയായി അർജന്റീന ഫുട്ബോൾ ടീം പ്രതിനിധികൾ ഒന്നര മാസത്തിനകം കേരളത്തിൽ എത്തുമെന്ന് മന്ത്രി അറിയിച്ചിരുന്നു. മെസിയും അർജന്റീനയും കേരളത്തിൽ എത്തുന്നതോടെ അത് ചരിത്ര സംഭവമാകും. മുൻപ് 2011ൽ കൊൽക്കത്തയിൽ വെച്ച് നടന്ന അർജന്റീന – വെനസ്വേല സൗഹൃദ മത്സരത്തിൽ മെസി പങ്കെടുത്തിരുന്നു.