‘സാദിഖ് അലി തങ്ങള്‍ക്കെതിരെ അല്ല പ്രസംഗിച്ചത്; പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു’: കേക്ക് വിവാദത്തില്‍ അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്
പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ക്കെതിരെ അല്ല താന്‍ പ്രസംഗിച്ചതെന്ന് അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്. താന്‍ പറയാത്ത കാര്യങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുന്നു. സമസ്തയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് ജമാത്തെ ഇസ്ലാമിയെന്നും അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു
തങ്ങള്‍ക്കെതിരെ ഒരു പരാമര്‍ശം നടത്തിയിട്ടോ ചിന്തിച്ചിട്ടോ ഇല്ലെന്ന് ഹമീദ് ഫൈസി അമ്പലക്കടവ് വ്യക്തമാക്കി. സാദിഖലി ശിഹാബ് തങ്ങള്‍ ക്രൈസ്തവ സഭകളുടെ ആസ്ഥാനത്ത് പോകുന്നതും അവര്‍ പാണക്കാട് വരുന്നതും ഒക്കെ സൗഹൃദത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിശദമാക്കി.
ഇക്കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തിന്റെ പ്രഭാഷണം ശ്രദ്ധയില്‍പെട്ടു. വിശ്വാസമില്ലാതെ അന്യമതസ്ഥരുടെ ആചാരങ്ങള്‍ സ്വീകരിച്ചാല്‍ അതില്‍ കുഴപ്പമൊന്നുമില്ല എന്നൊരു പരാമര്‍ശം അല്‍പ്പം വിശദമായി അദ്ദേഹം പറഞ്ഞു. അന്ന് രാത്രി തന്നെ നടത്തിയ എന്റെ പ്രഭാഷണത്തില്‍ ഞാന്‍ പറഞ്ഞു. വിശ്വാസത്തോട് കൂടി ചെയ്താല്‍ ആള്‍ ഇസ്ലാമില്‍ നിന്ന് പുറത്ത് പോകുമല്ലോ? വിശ്വാസമില്ലാതെ ചെയ്യുന്നതിനും ചില പരിമിതികള്‍ ഉണ്ട്. അത് ശ്രദ്ധിക്കേണ്ടതാണ്. വിലക്കപ്പെട്ട കാര്യങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ പൊതുവായി പ്രസംഗിച്ചു. ഇതൊരു വര്‍ഗീയതയുടെ ഭാഗമാകരുത് എന്നു വിചാരിച്ച് ആമുഖമായി കൃത്യമായി ഇസ്ലാം ഇതര മതസ്ഥരോട് കാണിക്കുന്ന സമീപനമാണ് ഞാന്‍ പറഞ്ഞത്. ഇതരമനസ്ഥരായ ആളുകളോടുള്ള സ്‌നേഹവും സൗഹൃദവും ഇന്ന് നമ്മള്‍ നടത്തിപ്പോരുന്ന രീതി തന്നെയാണ് ആവശ്യം. അത് തന്നെയാണ് ഇസ്ലാമിന്റെ മീപനം. പക്ഷേ പ്രത്യേകമായ ഒരു മതത്തിന്റെ ആചാരം മുസ്ലീങ്ങള്‍ക്ക് ചെയ്യുന്നതില്‍ പരിമിതിയുണ്ട് – ഇതാണ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്.
സമസ്തയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് ജമായത് ഇസ്ലാമിയാണെന്നും അദ്ദേഹം പറഞ്ഞു. വാഫി വിഷയം ഉയര്‍ത്തി ജമായത് ഇസ്ലാമി സമസ്തയില്‍ ഭിന്നത ഉണ്ടാക്കിയെന്നും ജമാഅത്തെ് ഇസ്ലാമി മുസ്ലീം സംഘടനകളില്‍ എല്ലാം ഭിന്നത ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുക്കു എതിരെ പ്രതികരണങ്ങളുയര്‍ത്തി ജമാഅത്തെ് ഇസ്ലാമി പ്രചാരണം നടത്തുന്നു. ജമാഅത്തെ ഇസ്ലാമിക്കു ജന പിന്തുണ ഇല്ല. സമസ്തയില്‍ ഭിന്നിപ്പ് ഉണ്ടാക്കി ജന പിന്തുണ ഉണ്ടാക്കാനാണ് ജമാഅത്തെ ഇസ്ലാമി നീക്കം – അദ്ദേഹം വ്യക്തമാക്കി.