SportsTop News

അപകടം പ്രാക്ടീസിനെ ബാധിച്ചു; 24 H ദുബൈ കാറോട്ടമത്സരത്തിൽ നിന്ന് അജിത് പിന്മാറി

Spread the love

24 H ദുബൈ 2025 കാറോട്ട മത്സരത്തിൽ നിന്ന് പിന്മാറി നടൻ അജിത്ത്. മത്സരം ആരംഭിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെയാണ് താരത്തിന്റെ പിന്മാറ്റം. മൂന്നുദിവസം മുൻപ് പരിശീലനത്തിനിടെ അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് കൃത്യമായി പരിശീലനം നടത്താൻ കഴിഞ്ഞില്ലെന്നും ടീമിന് വേണ്ടിയാണ് പിന്മാറ്റമെന്നും അജിത് കുമാർ റെയ്‌സിങ് ടീം അറിയിച്ചു. പകരം എൻഡുറൻസ് റേസിങ്ങിലായിരിക്കും അജിത്ത് പങ്കെടുക്കുക. തുടർന്നുള്ള റെയിസിങ് മത്സരങ്ങൾക്കും താരം കളത്തിൽ ഇറങ്ങുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ താരത്തിന്റെ കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഏറെനേരം വട്ടംകറങ്ങി.

അതേസമയം, റേസിംഗ് കഴിയും വരെ സിനിമകൾ ഒന്നും തന്നെ കമ്മിറ്റ് ചെയ്യില്ലെന്ന് താരം പ്രഖ്യാപിച്ചിരുന്നു.തന്റെ ശ്രദ്ധ മുഴുവൻ റേസിങ്ങിൽ ആണെന്നും അത് കഴിയും വരെ മറ്റു കമ്മിറ്റ്മെന്റുകൾ ഒഴിവാക്കുമെന്നും അജിത്ത് ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു. മാർച്ചിനും ഒക്ടോബറിനും ഇടയിൽ ഒരു സിനിമ ചെയ്യാൻ സാധ്യത ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു.

മാസങ്ങള്‍ക്കു മുമ്പാണ് അജിത്ത് ‘അജിത് കുമാര്‍ റേസിങ്’ എന്ന പേരില്‍ സ്വന്തം റേസിങ് ടീം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ബാഴ്സലോണയില്‍ ഒരു ടെസ്റ്റ് സെഷനുവേണ്ടിയും അജിത്ത് പോയിരുന്നു. റേസിനായി ഷാര്‍ജയിലെ ട്രാക്കിലും അജിത്തും സംഘവും പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു.