‘സൈബർ ബുള്ളിയിങിന് പ്രധാന കാരണക്കാരൻ താങ്കൾ ആണ്’; രാഹുൽ ഈശ്വറിനെതിരെ പൊലീസിൽ പരാതി നൽകി ഹണി റോസ്
തന്റെ മൗലികാവകാശങ്ങളിലേക്ക് കടന്നു കയറിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വറിനെതിരെ പൊലീസിൽ പരാതി നൽകി ഹണി റോസ്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. തനിക്കെതിരെയുള്ള ഭീഷണികൾക്കും സൈബർ ബുള്ളിയിങിനും കാരണക്കാരൻ രാഹുൽ ഈശ്വറാണെന്ന് ഹണി റോസ് പരാതിയിൽ പറയുന്നു. ഉദ്ഘാടന ചടങ്ങുകളിലും മറ്റുമുള്ള ഹണിയുടെ വസ്ത്രധാരണത്തെ രാഹുൽ ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെ സാമൂഹ്യ മാധ്യമത്തിൽ രാഹുലിനെ ഹണി റോസ് നിശിതമായി വിമർശിച്ചു. പിന്നാലെയാണ് പരാതി.
എന്നാൽ വിമർശനത്തിന് ഹണി റോസ് അതീതയല്ലെന്നും, അധിക്ഷേപിച്ചെന്ന് തെളിയിച്ചാൽ ജയിലിൽ പോകാൻ താൻ തയ്യാറെന്നുമാണ് രാഹുൽ ഈശ്വറിന്റെ മറുപടി.
”രാഹുൽ ഈശ്വർ, ഞാനും എന്റെ കുടുബവും കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്ന് പോകുന്നത് അതിന് പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കൾ ആണ്.’ ഇങ്ങനെ വിവരിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിലെ പോസ്റ്റിട്ടതിന് പിന്നാലെയാണ് ഹണി റോസ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. താൻ ബോബി ചെമ്മണ്ണൂരിനെതിരെ കൊടുത്ത പരാതിയുടെ ഗൗരവം ചോർത്തിക്കളായാനും, ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനുമാണ് രാഹുൽ ഈശ്വറിന്റെ ശ്രമമെന്ന് ഹണി റോസ് ആരോപിക്കുന്നു. സൈബർ ഇടത്തിലൂടെ സംഘടിതമായ ഒരു ആക്രമണമാണ് രാഹുൽ ഈശ്വർ ആസൂത്രണം ചെയ്യുന്നതെന്നും ഹണി പറയുന്നു. വസ്ത്രം സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നുവെന്നും വ്യക്തമാക്കിയാണ് രാഹുലിനെതിരെ നിയമ നടപടിക്ക് തുടക്കമിടുന്ന കാര്യം ഹണി വ്യക്തമാക്കിയത്.
രാഹുൽ ഈശ്വറിനെപോലെ ഉള്ളവരുടെ ഇത്തരം ഓർഗനൈസ്‌ഡ് ക്രൈം ഓപ്പറേഷൻ കാരണം ഇത്തരം അവസ്ഥയിൽ പെട്ട് പോകുന്ന സ്ത്രീകൾ പരാതിയുമായി മുന്നോട്ടു വരാൻ മടിക്കും. അത്തരം നടപടികൾ ആണ് തുടർച്ചയായി രാഹുൽ ഈശ്വർ എല്ലാ സ്ത്രീകളായ പരാതിക്കാരോടും കാണിക്കുന്നത്. താങ്കളും താങ്കൾ പിന്തുണക്കുന്ന, ഞാൻ പരാതി കൊടുത്ത വ്യക്തിയുടെ PR ഏജൻസികളും എനിക്കെതിരെ നടത്തുന്നത് ഈ ഓർഗനൈസ്‌ഡ് ക്രൈമിൻ്റെ ഭാഗം ആണ്. എൻ്റെ മൗലിക അവകാശങ്ങളെ നിഷേധിച്ചു കൊണ്ട്, എൻ്റെ മൗലിക അവകാശങ്ങളിലേക്കു കടന്നുകയറി എന്നെ അപമാനിച്ചു കൊണ്ട് എനിക്കെതിരെ, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും എന്നെ ആക്രമിക്കുകയും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണികളുടെ രീതിയിലും തൊഴിൽ നിഷേധരീതിയിലും, നേരിട്ടും സോഷ്യൽ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോർവിളി കമന്റുകൾക്കും ആഹ്വാനം നടത്തിയ രാഹുൽ ഈശ്വറിനെതിരെ ഞാൻ നിയമനടപടി കൈക്കൊള്ളുന്നു.രാഹുൽ ഈശ്വർ മാപ്പർഹിക്കുന്നില്ല”. ഹണി റോസ് കൂട്ടിച്ചേർത്തു.
അതേസമയം, ലൈംഗിക അധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ റിമാൻഡിൽ ആയതിനെ തുടർന്ന് രാഹുൽ ഈശ്വർ ബോബി ചെമ്മണ്ണൂരിനെ അനുകൂലിച്ചും ഹണി റോസിനെ വിമർശിച്ചും രംഗത്ത് വരികയുണ്ടായി. ദ്വയാർത്ഥ പ്രയോഗത്തിലൂടെ തനിക്കെതിരെ നടന്നത് ലൈംഗിക അധിക്ഷേപം ആയിരുന്നുവെന്നും സൈബർ ഇടങ്ങളിൽ അത് ആവർത്തിച്ചെന്നുമായിരുന്നു ബോബി ചെമ്മണ്ണൂരിനെതിരായ ഹണി റോസിന്റെ പരാതി.
ബോബി ചെമ്മണൂർ എറണാകുളം ജില്ലാ ജയിലിൽ തന്നെ തുടരുകയാണ്. ഹൈക്കോടതി ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച മാത്രമേ പരിഗണിക്കു. ഹണി റോസിനെതിരെ അശ്ലീല പരാമർശം നടത്തുമ്പോൾ വേദിയിൽ ഉണ്ടായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തും. ഇൻസ്റ്റഗ്രാം പോസ്റ്റ് അടിയിൽ മോശം കമന്റ് ഇട്ടവർക്കെതിരെ നൽകിയ പരാതിയിലും അന്വേഷണം ഊർജിതമാണ്. ഫേസ്ബുക്കിനോട് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. വിവരങ്ങൾ ലഭിക്കുന്നത് അനുസരിച്ച് തുടർ അറസ്റ്റുകളും ഉണ്ടാകും.