പിണറായി വിജയനും നിതിൻ ഗഡ്കരിയും തമ്മിൽ അന്തർധാരയോ? മറുപടി നൽകി കേന്ദ്ര മന്ത്രി
കേരള മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും തമ്മിൽ അന്തർധാരയെന്ന് പലരും ആരോപിക്കാറുണ്ട്. ഇതിൽ വാസ്തവമുണ്ടോ? കൊച്ചിയിൽ ട്വന്റിഫോർ ബിസിനസ് കോൺക്ലേവിൽ നിതിൻ ഗഡ്കരി ഇക്കാര്യത്തിൽ വ്യക്തത വരുത്തി.
“രാഷ്ട്രീയ വിശ്വാസം മുറുകെ പിടിക്കുമ്പോഴും രാജ്യത്തിൻ്റെ വികസനമാണ് തൻ്റെ ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരുമായും നല്ല ബന്ധമുണ്ട്. രാഷ്ട്രീയം എന്നത് തെരഞ്ഞെടുപ്പ് നടക്കുന്ന ഇരുപതോ ഇരുപത്തി രണ്ടോ ദിവസത്തെ കാര്യമാണ്. പിന്നീട് രാജ്യ വികസനത്തിലാണ് ശ്രദ്ധ” – ഗഡ്കരി പറഞ്ഞു.
കേരളത്തിന്റെ വികസന നയം മാറണമെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു. സോഷ്യലിസം, മുതലാളിത്തം എന്നിങ്ങനെ നമുക്ക് തർക്കിക്കാൻ പല ധാരകളുമുണ്ട്. എന്നാൽ ഇപ്പോൾ കേരളത്തിനാവശ്യം റോഡ് നിർമാണത്തിൽ ഉൾപ്പെടെ പൊതു – സ്വകാര്യ പങ്കാളിത്തമാണെന്ന് നിതിൻ ഗഡ്കരി.
കേരളത്തെ ഏറെ ഇഷ്ടമാണെന്നും കൊച്ചിയിലെത്തുമ്പോൾ ലുലു മാളിലെ പാരഗൺ റെസ്റ്ററന്റിൽ പോകാറുണ്ടെന്നും കേരളീയ ഭക്ഷണം ഇഷ്ടമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ബിസിനസ് കോൺക്ലേവിൽ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്കും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി മറുപടി നൽകി.